വസ്ത്രക്കടകളിൽ മോഷണം പതിവാക്കിയ സംഘം അറസ്റ്റിൽ
text_fieldsബംഗളൂരു: വിവാഹ വസ്ത്രങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന കടകളില്‍ കയറി ലക്ഷങ്ങള്‍ വിലമതിക്കുന്ന തുണിത്തരങ്ങള്‍ മോഷ്ടിക്കുന്ന സംഘത്തെ സിറ്റി പൊലീസ് പിടികൂടി. ഭരത്, സുനിത, ശിവറാം പ്രസാദ്, വെങ്കടേഷ്, റാണി, ശിവകുമാര്‍ എന്നിവരാണ് പിടിയിലായത്. തുണിക്കടകളില്‍ ഉപഭോക്താവ് എന്ന നിലയില്‍ കയറുകയും വീട്ടിലെ വിവാഹത്തിനായി വിലകൂടിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ വന്നതാണെന്ന് കടയിലുള്ളവരെ പറഞ്ഞു വിശ്വസിപ്പിക്കുകയുമാണ് ആദ്യം ചെയ്യുക. വിശേഷദിവസത്തിനായി വിലകൂടിയ വസ്ത്രങ്ങള്‍ വേണമെന്നു പറഞ്ഞ് കുറഞ്ഞത് 50 മുതല്‍ 60 വരെ സാരികള്‍ വരെ എടുപ്പിക്കും.
കടക്കാരുടെ ശ്രദ്ധ തിരിക്കാനായി മനഃപൂർവം സംഭാഷണങ്ങളില്‍ ഏര്‍പ്പെടും. നിരത്തിയിട്ടിരിക്കുന്ന തുണിത്തരങ്ങളില്‍നിന്ന് സാരികള്‍ മോഷ്ടിച്ച് വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ചുവെക്കുകയുമാണ് ഇവരുടെ രീതി.
മോഷണത്തിന് ശേഷം തങ്ങള്‍ക്ക് യോജിച്ച തുണിത്തരങ്ങള്‍ കടയിലില്ലെന്ന് പറഞ്ഞു സ്ഥലം വിടും. സംശയം തോന്നിയ കടയുടമ സി.സി.ടി.വി കാമറകള്‍ പരിശോധിക്കുകയും ഹൈ ഗ്രൗണ്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നൽകുകയും ചെയ്തു. ഹൈ ഗ്രൗണ്ട് പൊലീസും അശോക് നഗര്‍ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
സി.സി.ടി.വി ഫൂട്ടേജുകളാണ് ഈ കേസില്‍ നിർണായക തെളിവായതെന്ന് സെന്‍ട്രല്‍ പൊലീസ് ഡിവിഷന് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ എസ്. ശ്രീനിവാസ് ഗൗഡ പറഞ്ഞു. അയല്‍സംസ്ഥാനങ്ങളിലും സമാനമായ രീതിയിലുള്ള മോഷണം നടന്നതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഹൈ ഗ്രൗണ്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

