ഗണപതിയുടെ ആത്മഹത്യയും പ്രണബ് മൊഹന്തിക്കെതിരായ കേസും
text_fieldsഎ.കെ ഗണപതി, പ്രണബ് മൊഹന്തി
മംഗളൂരു: മുൻ ഡിവൈ.എസ്.പി അനുപമ ഷേണായി പറഞ്ഞ ഡിവൈ.എസ്.പി എം.കെ. ഗണപതിയുടെ ആത്മഹത്യ 2016 ജൂലൈ ഏഴിനായിരുന്നു. മംഗളൂരു ഐ.ജി ഓഫിസിൽ പ്രത്യേക ചുമതലയില്ലാത്ത ജോലിയിലായിരുന്നു അദ്ദേഹം. കുടക് മടിക്കേരിയിൽ ലോഡ്ജിൽ മുറിയെടുത്ത് സർവിസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നു.
ആത്മഹത്യക്ക് തൊട്ടുമുമ്പ് മടിക്കേരിയിലെ പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ മുൻ ആഭ്യന്തര മന്ത്രി കെ.ജെ. ജോർജ്, ഐ.പി.എസ് ഉദ്യോഗസ്ഥരായ പ്രണബ് മൊഹന്തി, എ.എം. പ്രകാശ് എന്നിവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കർണാടക ബി.ജെ.പി ഭരിച്ച 2008 സെപ്റ്റംബറിൽ ബജ്റംഗ് ദളിലെയും ശ്രീരാമസേനയിലെയും നിരവധി അംഗങ്ങൾ മംഗളൂരുവിലെ കുൽശേഖര ക്രൈസ്തവ ദേവാലയം ആക്രമിച്ചിരുന്നു. ക്രമസമാധാനപാലനത്തിനെത്തിയ അന്ന് മംഗളൂരുവിൽ ഇൻസ്പെക്ടറായിരുന്ന എം.കെ. ഗണപതിയുടെ നേതൃത്വത്തിൽ പൊലീസ് വൈദികരെയും കന്യാസ്ത്രീകളെയും തലങ്ങും വിലങ്ങും തല്ലി. ആ സംഭവത്തിന്റെ വൈരാഗ്യത്തിൽ മന്ത്രി ജോർജ് ഐ.പി.എസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നായിരുന്നു എം.കെ ഗണപതിയുടെ ആരോപണം.
മടിക്കേരി ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ച ജോർജ് സി.ഐ.ഡി അന്വേഷണത്തിൽ ക്ലീൻ ചിറ്റ് ലഭിച്ചതിനെത്തുടർന്ന് മന്ത്രിസഭയിൽ തിരിച്ചെത്തി. സി.ബി.ഐ അന്വേഷണത്തിലും കെ.ജെ. ജോർജിനും മുൻ എ.ഡി.ജി.പി (ഇന്റലിജൻസ്) എ.എം പ്രസാദ്, മുൻ ലോകായുക്ത ഐ.ജി പ്രണബ് മൊഹന്തി എന്നിവർക്കും ഗണപതിയുടെ മരണത്തിൽ പങ്കില്ലെന്നും വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ കാരണം കടുത്ത സമ്മർദത്തിലായിരുന്നുവെന്നും പിന്നീട് കണ്ടെത്തുകയായിരുന്നു.
രാമചന്ദ്രറാവു സ്വർണക്കടത്ത് കേസിൽ ആരോപിതൻ
ധർമസ്ഥല അന്വേഷണ സംഘത്തിന്റെ തലവനായി നിയമിക്കണമെന്ന് മുൻ ഡിവൈ.എസ്.പി അനുപമ ഷേണായി ആവശ്യപ്പെട്ട ഡി.ജി.പി ഡോ.കെ.രാമചന്ദ്ര റാവു, നടി രന്യ നടത്തിയ സ്വർണ കള്ളക്കടത്ത് കേസിൽ ആരോപിതനാണ്. ബംഗളൂരു സെൻട്രൽ ജയിലിൽ കഴിയുന്ന നടിയുടെ രണ്ടാനച്ഛനായ റാവുവിന്റെ കുടുംബ പൊലീസ് അകമ്പടി കള്ളക്കടത്തിന് മറയാക്കി എന്നാണ് ആക്ഷേപം.
രാമചന്ദ്ര റാവു
പൊലീസ് പ്രോട്ടോകോൾ സേവനങ്ങളുടെ ദുരുപയോഗവും കേസിൽ റാവുവിന്റെ പങ്കിനെക്കുറിച്ചും അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ഗൗരവ് ഗുപ്ത കമ്മിറ്റി രൂപവത്കരിച്ചിരുന്നു. മാർച്ച് 15ന് അദ്ദേഹത്തെ നിർബന്ധിത അവധിയിൽ അയക്കുകയും ചെയ്തു. കമ്മിറ്റിക്ക് നൽകിയ മൊഴിയിൽ രന്യ സ്വർണം കടത്തിയതായി തനിക്ക് അറിവില്ലെന്നാണ് റാവു പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

