‘നഞ്ചൻകോട്-നിലമ്പൂർ റെയിൽപാത: ബജറ്റുകളിൽ തുക വകയിരുത്തണം’
text_fieldsബംഗളൂരു: നഞ്ചൻകോട്-നിലമ്പൂർ റെയിൽപാത നിർമാണത്തിന് വരുന്ന കേന്ദ്ര-സംസ്ഥാന ബജറ്റുകളിൽ തുക വകയിരുത്തണമെന്ന് നീലഗിരി-വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
നഞ്ചൻകോട് -നിലമ്പൂർ റെയിൽപാതയുടെ ഡി.പി.ആർ സതേൺ റെയിൽവേ പൂർത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്. വനമേഖലകളിൽ പൂർണമായും തുരങ്കങ്ങളാണ് ഡി.പി.ആറിൽ നിർദേശിച്ചിട്ടുള്ളത്.
പാതക്ക് 2016ൽതന്നെ കേന്ദ്രസർക്കാറിന്റെ അംഗീകാരം ലഭിച്ചിരുന്നു. ഡി.പി.ആർ പൂർത്തിയാക്കുന്നതിലെ തടസ്സങ്ങൾ കാരണമാണ് പാതയുടെ നിർമാണപ്രവൃത്തികൾ നീണ്ടുപോയത്.
കേരള സർക്കാർ പാതയുടെ ചെലവിന്റെ പകുതി വഹിക്കാമെന്ന് 2015ൽ ഉറപ്പ് നൽകുകയും പ്രാരംഭ പ്രവർത്തനങ്ങൾക്ക് സംസ്ഥാന ബജറ്റിൽ തുക വകയിരുത്തുകയും ഹെഡ് ഓഫ് അക്കൗണ്ട് ആരംഭിക്കുകയും ചെയ്തിരുന്നു. കേന്ദ്രവും കേരളവും വിഹിതം അനുവദിച്ചാൽ ഈ വർഷംതന്നെ പാതയുടെ നിർമാണ പ്രവൃത്തികൾ ആരംഭിക്കാനാവും.
പാതയുടെ നിർമാണത്തിന് ബജറ്റിൽ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രി നിർമല സിതാരാമൻ, റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്, കേരള ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവർക്ക് ആക്ഷൻ കമ്മിറ്റി നിവേദനം നൽകി. ആക്ഷൻ കമ്മിറ്റി യോഗത്തിൽ കൺവീനർ അഡ്വ. ടി.എം. റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, പി.വൈ. മത്തായി, രാജൻ തോമസ്, അഡ്വ. ജോസ് തണ്ണിക്കോട്, എം.എ. അസൈനാർ, അബ്ദുൽ റസാഖ്, ജോസ് കപ്യാർമല, മോഹൻനവരങ്, ജേക്കബ് ബത്തേരി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

