സ്വദേശിയും വിദേശിയുമായി റമദാനിൽ സജീവമായി പഴം വിപണി
text_fieldsബംഗളൂരു ശിവാജി നഗറിൽ സജീവമായ പഴം വിപണി
ബംഗളൂരു: റമദാൻ ആദ്യ 10 പിന്നിടാനൊരുങ്ങുമ്പോൾ ബംഗളൂരുവില്‍ പഴങ്ങളുടെ വിപണിയും സജീവം. പലതരം പഴങ്ങളിൽ സ്വദേശി ഇനങ്ങളും വിദേശി ഇനങ്ങളുമടക്കം വിപണി കൈയടക്കിയിട്ടുണ്ട്. കർണാടകയിൽനിന്നും മഹാരാഷ്ട്രയിൽനിന്നുമുള്ള കുരുവില്ലാ മുന്തിരിയും കർണാടകക്കു പുറമെ, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽനിന്നെത്തുന്ന തണ്ണിമത്തനും പപ്പായയുമാണ് കൂടുതൽ ചെലവാകുന്നത്. ഇവക്കു പുറമെ, ന്യൂസിലൻഡ്, യു.എസ്.എ, തായ് ലന്‍ഡ്, ആസ്ട്രേലിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യുന്ന പഴങ്ങള്‍ വിപണിയിൽ ലഭ്യമാണ്. ഇന്ത്യൻ ആപ്പിളും നാഗ്പുർ ഓറഞ്ചും പഞ്ചാബിലെ ഹിസാർ മേഖലയിൽനിന്നെത്തുന്ന ഇന്ത്യൻ മാൻഡ്രിനുമെല്ലാം ഇഫ്താർ മേശയിലേക്കുമെത്തുന്നു. കിവി -150 രൂപ, റാസ്ബെറി-125, ചെറി-200, ഗ്രീന്‍ ആപ്പിള്‍ -280, ആപ്പിള്‍ -250, കുരുവില്ലാത്ത വെള്ള മുന്തിരി- 100, അനാർ -100, ഗ്രേപ് ഫ്രൂട്ട് -300 രൂപ, അമേരിക്കന്‍ ചെറി -200 രൂപ, ന്യൂസിലൻഡ് ആപ്പിള്‍ -280 രൂപ. പഞ്ചാബ് ഓറഞ്ച്-100, നാഗ് പൂര് ഓറഞ്ച് -140, ആസ്ട്രേലിയന്‍ ഓറഞ്ച്- 250, ഈജിപ്ത് ഓറഞ്ച് -180 എന്നിങ്ങനെയാണ് പഴങ്ങളുടെ ശരാശരി വില നിലവാരം.
കാഴ്ചയില്‍ വലുപ്പമേറിയ കൊടൈക്കനാല്‍ അവോക്കാഡോ കിലോ 480 രൂപക്കും ന്യൂസിലൻഡില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ഇത്തിരിക്കുഞ്ഞനായ അവോക്കാഡോ 550 രൂപ മുതല്‍ മാർക്കറ്റിൽ ലഭിക്കും.
തായ് ലന്‍ഡ് മുന്തിരി, വെള്ള മുന്തിരി, ജ്യൂസ് മുന്തിരി തുടങ്ങി വിവിധതരം മുന്തിരികളും വിവിധയിനം പയറും കടയില്‍ ഉണ്ട്. ഇറക്കുമതി ചെയ്യുന്ന മുന്തിരിക്ക് 350 രൂപ മുതല്‍ 380 രൂപ വരെയാണ് വില. കേരളത്തിൽനിന്നെത്തുന്ന നേന്ത്രപ്പഴവും പൂവൻപഴവുമെല്ലാം മലയാളികളുടെ വിഭവമേശയിലെത്തുന്നുണ്ട്. ഞാലിപ്പൂവന് പഴം ബംഗളൂരുവില്‍ നിന്നുതന്നെ കര്‍ഷകര്‍ എത്തിക്കുന്നു. കേരളത്തിൽനിന്നും നീലഗിരി മേഖലയിൽനിന്നും പാഷൻ ഫ്രൂട്ടും ബംഗളൂരു വിപണിയിലെത്തുന്നുണ്ട്.
സീസൺ ആരംഭിക്കുന്നേയുള്ളൂവെങ്കിലും റമദാൻ വിപണി ലക്ഷ്യമിട്ട് മാങ്ങയും കച്ചവടക്കാർ എത്തിച്ചിട്ടുണ്ട്.
കർണാടകയിലെ രാമനഗര, കോലാർ, ചിക്കബല്ലാപുര, മാണ്ഡ്യ, മൈസൂരു, തുമകൂരു തുടങ്ങിയ ജില്ലകളിൽനിന്നുള്ള തനത് മാങ്ങകളും കേരളം, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നുള്ള വിവിധയിനങ്ങളും വിപണിയിലെത്തിത്തുടങ്ങി. ഇഫ്താറുകളിൽ ഉപഹാരമായി നല്കുന്ന ഫ്രൂട്ട് ബാസ്കറ്റും കടക്കാർ വിവിധ വലുപ്പത്തില്‍ ഒരുക്കി നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

