ഇനി മുതൽ കുടിവെള്ളം പാഴാക്കിയാൽ പിഴ ഉറപ്പ്
text_fieldsബംഗളൂരു: കുടിവെള്ളം പാഴാക്കുന്നത് തടയുന്നതിനായി ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ്(ബി.ഡബ്ല്യു.എസ്.എസ്.ബി) നിരോധന ഉത്തരവുകളും സംരക്ഷണ നടപടികളും പുറപ്പെടുവിച്ചു.
വെള്ളം ജാഗ്രതയോടെ ഉപയോഗിക്കുന്നതിന് ജനങ്ങളുടെ സഹകരണം ആവശ്യമാണെന്ന് അധികൃതര്‍ പറഞ്ഞു. നഗരത്തില്‍ കുടിവെള്ള ക്ഷാമം ഉണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ, 1964 ലെ ബി.ഡബ്ല്യു.എസ്.എസ്.ബി നിയമത്തിലെ സെക്ഷൻ 33, 34 പ്രകാരം, വാഹനങ്ങൾ കഴുകുന്നതിനും, പൂന്തോട്ടപരിപാലനത്തിനും, നിർമാണ പ്രവർത്തനങ്ങൾക്കും, അലങ്കാര ജലധാരകൾക്കും സമാനമായ വിനോദ സൗകര്യങ്ങൾക്കും, സിനിമാശാലകളിലും മാളുകളിലും അത്യാവശ്യമല്ലാത്ത ആവശ്യങ്ങൾക്കും, റോഡ് നിർമാണത്തിനും വൃത്തിയാക്കലിനും കുടിവെള്ളം ഉപയോഗിക്കുന്നത് ബി.ഡബ്ല്യു.എസ്.എസ്.ബി നിരോധിച്ചു.
ഉത്തരവ് ലംഘിക്കുന്നവർക്ക് നിയമത്തിലെ സെക്ഷൻ 109 പ്രകാരം 5,000 രൂപ പിഴ ചുമത്തും. കുറ്റകൃത്യം ആവർത്തിച്ചാല്‍ പിഴ തുകക്ക് പുറമെ പ്രതിദിനം 500 രൂപ വീതം അധിക പിഴയും ചുമത്തും. 2026 ജൂലൈ 31നകം മാളുകൾ, വാണിജ്യ സമുച്ചയങ്ങൾ, അപ്പാർട്മെന്റ് കെട്ടിടങ്ങൾ, സർക്കാർ ഓഫിസുകൾ, ആഡംബര ഹോട്ടലുകൾ, റസ്റ്റാറന്റുകള്‍, മതസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങളില്‍ ജല ഉപഭോഗം കുറക്കുന്നതിന് ടാപ്പുകളിൽ ഒഴുക്ക് നിയന്ത്രണ സംവിധാനങ്ങളോ എയറേറ്ററുകളോ സ്ഥാപിക്കണമെന്ന് ബോർഡ് പ്രത്യേക വിജ്ഞാപനത്തിൽ നിർബന്ധമാക്കിയിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടാല്‍ ബി.ഡബ്ല്യു.എസ്.എസ്.ബി നിയമത്തിലെ സെക്ഷൻ 53 പ്രകാരം ജലവിതരണത്തിൽ 50 ശതമാനം വരെ കുറവുണ്ടാകുമെന്നും 5,000 രൂപ പിഴ ഈടാക്കുമെന്നും ബി.ഡബ്ല്യു.എസ്.എസ്.ബി മുന്നറിയിപ്പ് നൽകി.
ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് പ്രതിദിനം 500 രൂപ വീതം അധിക പിഴ ഈടാക്കും. നീന്തൽക്കുളങ്ങൾ നിറക്കുന്നതിനും പരിപാലിക്കുന്നതിനും കുടിവെള്ളം ഉപയോഗിക്കുന്നത് സംബന്ധിച്ച നിരോധനം ഉടൻ പ്രാബല്യത്തിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

