ധർമ്മസ്ഥല സൗജന്യ വധക്കേസ് പുനരന്വേഷണം ആരംഭിച്ചു
text_fieldsമംഗളൂരു: 14 വർഷം മുമ്പ് ദക്ഷിണ കന്നട ജില്ലയിലെ ധർമ്മസ്ഥലയിൽ ഉജ്റെ എസ്.ഡി.എം.പിയു കോളജ് ഒന്നാം വർഷ വിദ്യാർഥിനി സൗജന്യയെ (17) ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി വലിച്ചെറിഞ്ഞ കേസിൽ സുപ്രീം കോടതി നിർദേശത്തെത്തുടർന്ന് പുനരന്വേഷണം ആരംഭിച്ചു. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ധർമ്മസ്ഥലയിൽ അന്ന് മൃതദേഹം കണ്ടെത്തിയ നേത്രാവതി കുളിക്കടവിന് സമീപമുള്ള മന്നശങ്ക സന്ദർശിച്ച സംഘം സ്പോട്ട് മഹസ്സർ നടത്തി. എസ്.ഐ.ടി അന്വേഷണ ഉദ്യോഗസ്ഥൻ ലോകേഷ് ജഗലാസർ, അസി. പൊലീസ് കമീഷണർ മനോജ് കുമാർ, ബംഗളൂരു ഫോറൻസിക് സയൻസ് ലബോറട്ടറി ഉദ്യോഗസ്ഥർ, സോക്കോ സംഘം, ഡോക്ടർമാർ, വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, പി.ഡബ്ല്യു.ഡി എൻജിനീയർ എന്നിവർ അടങ്ങിയ സംഘമാണ് സ്ഥലം പരിശോധിച്ചത്. സൗജന്യയുടെ മൃതദേഹം കണ്ടെത്തിയതിന് ശേഷം പരാതി നൽകിയ അമ്മാവൻ പുരന്ദര ഗൗഡയും മഹസർ സാക്ഷികളോടൊപ്പം ഉണ്ടായിരുന്നു. 2012 ഒക്ടോബർ ഒമ്പതിനാണ് പ്രമാദമായ സൗജന്യ വധം നടന്നത്.
കോളജ് വിട്ട് മടങ്ങിയ പെൺകുട്ടി വീട്ടിൽ എത്താത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ പിറ്റേന്ന് രാവിലെ നഗ്ന മൃതദേഹം കണ്ടെത്തുകയായിരുന്നു. കേസിലെ ഏക പ്രതിയായ സന്തോഷ് റാവുവിനെ 2023 ജൂണിൽ സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കി. ഇരയുടെ പിതാവ് പിന്നീട് സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ കേസ് പരിഗണിക്കുന്നതിനിടെ അദ്ദേഹം മരിച്ചു. മകൾക്ക് നീതി ലഭിക്കുന്നതിനായി ഇരയുടെ മാതാവ് കുസുമാവതി ഗൗഡ പോരാട്ടം ഏറ്റെടുത്തു. അവരുടെ ഹരജിയിലാണ് സുപ്രിംകോടതി പുനരന്വേഷണം പ്രഖ്യാപിച്ചത്.

