സൗജന്യ വൈദ്യുതി വീടുകൾക്കു മാത്രം
text_fieldsബംഗളൂരു: കർണാടകയിൽ മാസം 200 യൂനിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ‘ഗൃഹജ്യോതി’ പദ്ധതി ഗാർഹികോപയോഗത്തിനു മാത്രമായിരിക്കും. വാണിജ്യാവശ്യങ്ങൾക്കുള്ള വൈദ്യുതി ഇത്തരത്തിൽ നൽകില്ല. പദ്ധതിക്ക് സർക്കാർ പോർട്ടലായ സേവാസിന്ധുവിൽ രജിസ്റ്റർ ചെയ്യണം. കസ്റ്റമർ നമ്പർ അക്കൗണ്ട് നമ്പറും ആധാർ കാർഡുമായി ബന്ധിപ്പിക്കണം. നിലവിലെ ഭാഗ്യജ്യോതി, അമൃതജ്യോതി പദ്ധതികൾ ഗൃഹജ്യോതിയിൽ ലയിപ്പിക്കുകയാണ് ചെയ്യുക.
ഓരോ വീടുകളുടെയും 12 മാസത്തെ വൈദ്യുതി ബില്ലിന്റെ ശരാശരി കണക്കാക്കും. ഇതിൽ 10 ശതമാനംകൂടി ആനുകൂല്യം നൽകിയാണ് വീടൊന്നിന് 200 യൂനിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിയിലെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. ഒരു വർഷത്തെ ആകെ ഉപയോഗിച്ച യൂനിറ്റ് കൂട്ടിയതിൽ 10 ശതമാനം അധിക ആനുകൂല്യവും നൽകിയശേഷം അതിന്റെ ശരാശരി 200 യൂനിറ്റിൽ അധികമാകാത്തവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. ഇവർക്ക് ജൂലൈ മുതൽ ബില്ലടക്കേണ്ടിവരില്ല.
ജൂൺ 30 വരെയുള്ള കുടിശ്ശിക മൂന്നു മാസത്തിനുള്ളിൽ അടച്ചുതീർക്കണം. ഇല്ലെങ്കിൽ വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്നും പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച ഉത്തരവിൽ പറയുന്നു. 200 യൂനിറ്റിൽ കൂടുതൽ ഉപയോഗിക്കുന്നവർക്ക് ഇതിന്റെ ബിൽ നൽകും. 200 യൂനിറ്റിൽ കുറവ് ഉപയോഗിക്കുന്നവർക്ക് അടക്കേണ്ട സംഖ്യയിൽ പൂജ്യം രേഖപ്പെടുത്തിയ ബില്ലാകും നൽകുക.
‘ഗൃഹജ്യോതി’ പദ്ധതി വാടകവീട്ടിലുള്ളവർക്കും
ബംഗളൂരു: സംസ്ഥാനത്ത് വീടുകൾക്ക് മാസം 200 യൂനിറ്റ് സൗജന്യ ൈവദ്യുതി നൽകുന്ന ‘ഗൃഹജ്യോതി’ പദ്ധതി വാടകവീട്ടിൽ താമസിക്കുന്നവർക്കും ലഭ്യമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ജൂലൈ ഒന്നുമുതലാണ് പദ്ധതി പ്രാബല്യത്തിൽ വരുക. 200 യൂനിറ്റിൽ താഴെ മാത്രം ൈവദ്യുതി ഉപയോഗിക്കുന്ന പാവപ്പെട്ടവർ വൈദ്യുതി ബിൽ അടക്കേണ്ട. ഈ ആനുകൂല്യം സംസ്ഥാനത്തെ വാടകവീട്ടിൽ കഴിയുന്നവർക്കും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി നിരക്കിൽ ജൂലൈ ഒന്നുമുതൽ വർധന വരുന്നതിനെതിരെയും ഗോവധ നിരോധന നിയമം പുനഃപരിശോധന നടത്തുന്നതിനെതിരെയും ബി.ജെ.പിക്ക് സമരം നടത്താൻ ധാർമികമായ അവകാശമില്ലെന്നും സിദ്ധ രാമയ്യ പറഞ്ഞു. അധികാരത്തിലിരിക്കുമ്പോൾ ബി.ജെ.പി സംസ്ഥാനത്തെ കൊള്ളയടിച്ചു.
ഏറ്റവും മോശമായ അവസ്ഥയിലേക്ക് അവർ സംസ്ഥാനത്തെ എത്തിച്ചു. ബി.ജെ.പി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നുപോലും നടപ്പാക്കിയിട്ടില്ല. 10 മണിക്കൂർ സൗജന്യ വൈദ്യുതി, കാർഷിക കടാശ്വാസം, ജലസേചനത്തിനായി 1.5 ലക്ഷം കോടി രൂപ നൽകൽ തുടങ്ങിയവയൊന്നും നടപ്പാക്കാത്ത അവർക്ക് ഇപ്പോൾ സമരം ചെയ്യാൻ അവകാശമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

