സ്ത്രീകൾക്ക് ഇന്നു മുതൽ സൗജന്യ ബസ് യാത്ര
text_fieldsബംഗളൂരു: കർണാടകയിൽ സ്ഥിരതാമസക്കാരായ സ്ത്രീകൾക്ക് ഞായറാഴ്ച മുതൽ സർക്കാർ ബസുകളിൽ സൗജന്യ യാത്ര. ‘ശക്തി’ എന്ന പേരിലുള്ള പദ്ധതി ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വിധാൻസൗധയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി എന്നിവർ പങ്കെടുക്കും.
കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി, എൻ.ഡബ്ല്യു.കെ.ആർ.ടി.സി, കെ.കെ.ആർ.ടി.സി എന്നീ നാല് ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ സംസ്ഥാനത്തിനകത്ത് ഓടുന്ന സിറ്റി, ഓർഡിനറി, എക്സ്പ്രസ് ബസുകളിലാണ് ആനുകൂല്യം. അന്തർസംസ്ഥാന സർവിസ് നടത്തുന്ന ബസുകളിൽ കർണാടകയുടെ അതിർത്തി വരെ യാത്ര ചെയ്യാം. അതിർത്തി സംസ്ഥാനങ്ങളുടെ അകത്ത് 20 കിലോമീറ്ററും ഈ പദ്ധതി വഴി സൗജന്യമായി യാത്ര നടത്താനാകും. ഇതിനുശേഷം യാത്ര നടത്താൻ പണം നൽകണം. ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ പോകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ആന്ധ്രപ്രദേശിന്റെ അതിർത്തിയായ കർണാടകയിലെ കോലാർ ജില്ലയിലെ മുൽബാഗൽ വരെ സൗജന്യമായി യാത്ര നടത്താനാകും.
ആന്ധ്രപ്രദേശിനുള്ളിൽ 20 കിലോമീറ്റർ യാത്രയും സൗജന്യമായി നടത്താം. ഉദാഹരണത്തിന് കർണാടകയിലെ ബെള്ളാരിയിൽ നിന്ന് ആന്ധ്രയുടെ 20 കിലോമീറ്ററിൽ വരെ യാത്ര നടത്താൻ പണം നൽകേണ്ടതില്ല.ആദ്യത്തെ മൂന്നുമാസം കേന്ദ്ര-സംസ്ഥാന സർക്കാർ തിരിച്ചറിയൽ രേഖ കണ്ടക്ടർക്ക് കാണിക്കുകയാണ് വേണ്ടത്. കണ്ടക്ടർ പൂജ്യം രൂപ രേഖപ്പെടുത്തിയ ടിക്കറ്റ് നൽകും.
പിന്നീടാണ് ശക്തി സ്മാർട് കാർഡുകൾ വേണ്ടത്. സർക്കാറിന്റെ സേവ സിന്ധു പോർട്ടൽ, കർണാടക വൺ വെബ്സൈറ്റ്, ബാംഗ്ലൂർ വൺ പോർട്ടൽ എന്നിവയിലൂടെ സ്മാർട്ട് കാർഡിനായി അപേക്ഷ നൽകാം.

