സ്ത്രീകൾക്ക് സൗജന്യ ബസ് പാസ് -മുഖ്യമന്ത്രി
text_fieldsകർണാടക ആർ.ടി.സിയുടെ പുതിയ എ.സി മൾട്ടി ആക്സിൽ സ്ലീപ്പർ ‘അംബാരി ഉൽസവ്’ ബസിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
ബംഗളൂരു: ജോലിക്കുപോകുന്ന സ്ത്രീകൾക്കും സ്കൂൾ വിദ്യാർഥിനികൾക്കും ഏപ്രിൽ ഒന്നുമുതൽ സൗജന്യ ബസ് പാസ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. സ്ത്രീകൾക്കുള്ള ആദരമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അവരെ സ്വയംപര്യാപ്തരാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. മിനി സ്കൂൾ ബസുകൾ പുറത്തിറക്കും. ഓരോ താലൂക്കിലും ഇത്തരത്തിൽ അഞ്ച് ബസുകളെങ്കിലും ഇറക്കും. ഇവ സ്കൂൾ തുറക്കുന്ന സമയങ്ങളിലാണ് ഓടുക. ആവശ്യമെങ്കിൽ ഇതിനായി കൂടുതൽ ഫണ്ട് അനുവദിക്കും- അദ്ദേഹം പറഞ്ഞു. കർണാടക ആർ.ടി.സിയുടെ പുതിയ എ.സി മൾട്ടി ആക്സിൽ സ്ലീപ്പർ ‘അംബാരി ഉൽസവ്’ ബസുകളുടെ ഫ്ലാഗ് ഓഫ് വിധാൻ സൗധക്കുമുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അത്യാഡംബരവും സുഖപ്രദവുമായ 20 എ.സി മൾട്ടി ആക്സിൽ സ്ലീപ്പർ ബസുകളാണ് നിരത്തിലിറക്കുന്നത്. വോൾവോയുടെ ബി.എസ് 6 -9600 ശ്രേണിയിൽപെട്ട ബസുകൾ ഇൗ മാസം 24 മുതൽ സർവിസ് തുടങ്ങും. ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് രണ്ട് ബസുകളും തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്ക് ഓരോ ബസുകളുമാണ് ഓടുക. സെക്കന്തരാബാദ്, ഹൈദരാബാദ്, പനാജി എന്നിവിടങ്ങളിലേക്കും അംബാരി ബസ് സർവിസ് നടത്തും. മംഗളൂരുവിൽ നിന്ന് ബംഗളൂരുവിലേക്കും പുണെയിലേക്കും ബസ് സർവിസ് ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

