ജയദേവയിൽ സൗജന്യ ആൻജിയോ പ്ലാസ്റ്റി
text_fieldsബംഗളൂരു: സർക്കാറിന് കീഴിലെ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ വാസ്കുലാർ സയൻസസ് ആൻഡ് റിസർച്ചിൽ (എസ്.ജെ.ഐ.സി.ആർ) പാവപ്പെട്ട 200 രോഗികൾക്ക് സൗജന്യമായി ആൻജിയോ പ്ലാസ്റ്റി ചെയ്യും. ജൂൺ 12 മുതൽ 18 വരെയുള്ള കാലയളവിൽ മുതിർന്ന പൗരന്മാരടക്കമുള്ളവർക്കാണ് ചികിത്സ ലഭ്യമാക്കുക. യു.എസ് ആസ്ഥാനമായ മെഡ്ട്രോണിക്, ഡോ. ഗോവിന്ദരാജു സുബ്രഹ്മണി ഓഫ് ഹാർട്ട് ഫൗണ്ടേഷൻ ഇലനോയ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. ഇറക്കുമതി ചെയ്ത സ്റ്റെൻഡുകൾ രോഗികൾക്ക് നൽകും.
നിലവിൽ കൊറോണറി ആൻജിയോഗ്രാം ചെയ്ത് ആൻജിയോ പ്ലാസ്റ്റി നിർദേശിക്കപ്പെട്ട പാവപ്പെട്ടവർക്കാണ് ചികിത്സയെന്ന് എസ്.ജെ.ഐ.സി.ആർ ഡയറക്ടർ ഡോ. സി.എൻ. മഞ്ജുനാഥ് അറിയിച്ചു. രോഗികൾ ബി.പി.എൽ കാർഡോ കുറഞ്ഞ വരുമാനം കാണിക്കുന്ന സർട്ടിഫിക്കറ്റോ ആശുപത്രി അഡ്മിഷൻ സമയത്ത് കാണിക്കണം. താൽപര്യമുള്ളവർ ജൂൺ എട്ടിന് മുമ്പ് എസ്.ജെ.ഐ.സി.ആർ ഡയറക്ടർ ഓഫിസിൽ രജിസ്റ്റർ ചെയ്യണം. ബംഗളൂരു ബ്രാഞ്ചിൽ ജൂൺ 12 മുതൽ 14 വരെയും മൈസൂരു ബ്രാഞ്ചിൽ ജൂൺ 15, 16 തീയതികളിലും കലബുറഗി ബ്രാഞ്ചിൽ ജൂൺ 17, 18 തീയതികളിലുമാണ് ആൻജിയോപ്ലാസ്റ്റി നടത്തുക. ഫോൺ: 9480827888 (ബംഗളൂരു ഓഫിസ്), 8660105492 (മൈസൂരു ഓഫിസ്), 9482114611 (കലബുറഗി ഓഫിസ്).