കർണാടക സർക്കാർ വകുപ്പുകളിൽ നാലുലക്ഷം ഒഴിവുകൾ
text_fieldsബംഗളൂരു: കഴിഞ്ഞ മൂന്നുവർഷമായി കർണാടകയിൽ പൊതു സർവകലാശാലകൾ, ബോർഡ്, കോർപറേഷനുകൾ എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളിലായി ഏകദേശം നാലുലക്ഷം ഒഴിവുകൾ രേഖപ്പെടുത്തി. സംസ്ഥാനത്ത് 43ലധികം വകുപ്പുകളും 100 ബോർഡുകളും കോർപറേഷനുകളുമുണ്ട്. ബോർഡുകളിലും കോർപറേഷനുകളിലും മാത്രം 1,01,420 ഒഴിവുകളുണ്ട്.
സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുകൾ -79,694. തൊട്ടുപിന്നിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പാണ് -37,572. ആഭ്യന്തര വകുപ്പിൽ 28,188 ഒഴിവുകൾ.10 ഒഴിവുകളാണ് പരിസ്ഥിതി വകുപ്പില്‍ ഉള്ളത്. 37 പൊതു സർവകലാശാലകളിൽ 14,677 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ഇവയില്‍ ഏറ്റവും കൂടുതൽ ഒഴിവ് ബംഗളൂരു കാർഷിക ശാസ്ത്ര സർവകലാശാലയിലാണ് -2817.
രണ്ടാം സ്ഥാനത്ത് ധാർവാഡിലെ കർണാടക സർവകലാശാലയാണ് -1263 തസ്തികകൾ. കോണ്‍ഗ്രസിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു വിവിധ വകുപ്പുകളിലെ ഒഴിവുകൾ നികത്തൽ. സര്‍ക്കാര്‍ ഭരണത്തിലെത്തി രണ്ടര വർഷം കഴിഞ്ഞിട്ടും വാഗ്ദാനം പാലിക്കാന്‍ സാധിച്ചില്ലെന്ന് ബി.ജെ.പി അംഗം ഹനുമന്ത് നിരാനി കൗൺസിലിൽ മുഖ്യമന്ത്രിയോട് പറഞ്ഞു.
ഔട്ട്സോഴ്സിങ് വഴി 84,844 തസ്തികകൾ നികത്തിയിട്ടുണ്ട്. സംവരണത്തിലെ സാങ്കേതികത മൂലമാണ് കാലതാമസം നേരിട്ടത്. അത് പരിഹരിച്ചുവെന്നും ഒഴിവുകൾ നികത്തുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ മറുപടി പറഞ്ഞു. ധനകാര്യ വകുപ്പ് അനുമതി നൽകേണ്ടതിനാല് എല്ലാ ഒഴിവുകളും ഒരേസമയം നികത്താൻ സാധിക്കില്ലെന്ന് സിദ്ധരാമയ്യ സഭയെ അറിയിച്ചു.
എല്ലാ തസ്തികകളിലും ഒഴിവുകള്‍ നികത്താന്‍ സാധിക്കുമെന്ന് പറയുന്നില്ല. എങ്കിലും ഘട്ടംഘട്ടമായി ഒഴിവുകള്‍ നികത്തും. കൂടാതെ 24,300ത്തിലധികം തസ്തികകൾ നികത്താൻ ധനകാര്യ വകുപ്പ് അനുമതി നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

