മുൻപ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു
text_fieldsബംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സവും നെഞ്ചുവേദനയും കാരണം ബുധനാഴ്ച രാത്രിയാണ് ബംഗളൂരുവിലെ ഓൾഡ് എയർപോർട്ട് റോഡിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചികിത്സയിലൂടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയായിരുന്നു. എന്നാൽ ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ ഗുരുതരമായ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ജീവൻ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ദേവഗൗഡയും മകനും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയും കുടുംബാംഗങ്ങളും ആശുപത്രിയിൽ ഉണ്ടായിരുന്നു. 1954ലാണ് ചെന്നമ്മയും ദേവെഗൗഡയും വിവാഹിതരായത്. നാല് ആൺമക്കളും രണ്ട് പെൺമക്കളുമാണ് ഇവർക്കുള്ളത്.
കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും ഹാസൻ ജില്ലയിലെ ഹൊളേനരസിപുര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എ എച്ച്.ഡി. രേവണ്ണയും മക്കളിൽ ഉൾപ്പെടുന്നു. സംസ്കാരം തിങ്കളാഴ്ച ഹാസനിലെ വീട്ടിൽ നടക്കുമെന്ന് എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു.2001 ഫെബ്രുവരിയിൽ ആസിഡ് ആക്രമണത്തെ അതിജീവിച്ച വ്യക്തിയായിരുന്നു ചെന്നമ്മ. മരുമകൾ ഭവാനി രേവണ്ണക്കൊപ്പം ക്ഷേത്രസന്ദർശനത്തിനിടെയാണ് അവർക്കുനേരെ ആസിഡ് ആക്രമണമുണ്ടായത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ അവർ രണ്ടുമാസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
കുടംബ വഴക്കിനെത്തുടർന്ന് ബന്ധുവായ സ്ത്രീയാണ് അന്ന് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞിരുന്നു. രാഷ്ട്രീയത്തിലെ അതിപ്രശസ്തനായ നേതാവിന്‍റെ ഭാര്യയും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ മാതാവുമായിരുന്നെങ്കിലും ചെന്നമ്മ പൊതുജീവിതത്തിൽ നിന്ന് ഏറെ അകന്നുനിന്നിരുന്നു. തന്‍റെ രാഷ്ട്രീയജീവിതത്തിൽ കുടുംബത്തിന്‍റെ എല്ലാ ചുമതലകളും ഏറ്റെടുത്ത് ശക്തമായ പിന്തുണ നൽകിയ ഭാര്യയുടെ ത്യാഗങ്ങളും സമർപ്പണവും ദേവഗൗഡ പല വേദികളിലും അനുസ്മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

