ധ്രുവ് റാഠിയുടെ പൗരത്വം പരിശോധിക്കണമെന്ന് മുൻ പൊലീസ് കമീഷണർ
text_fieldsബംഗളൂരു: വ്യാഴാഴ്ച ഫ്രീഡം പാര്‍ക്കില്‍ നടന്ന എസ്.ഐ.ആർ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്ത യൂട്യൂബർ ധ്രുവ് റാഠിയുടെ പൗരത്വം, വിസ വ്യവസ്ഥകൾ എന്നിവ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബംഗളൂരു മുൻ പൊലീസ് കമീഷണർ ഭാസ്കർ റാവു കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറിക്ക് കത്തയച്ചു.
ജർമൻ പൗരത്വമുള്ള ധ്രുവ് റാഠി നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിനും മറ്റുള്ളവർക്കുമൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തതായും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ വിഷയത്തിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ചതായും കത്തില്‍ പറയുന്നു.
നിലവിലെ പൗരത്വവും ദേശീയതയും, ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ഉപയോഗിച്ച പാസ്പോർട്ട്, അദ്ദേഹം രാജ്യത്ത് താമസിച്ചിരുന്ന വിസയുടെയോ മറ്റ് അനുമതിയുടെയോ വിഭാഗം, സന്ദർശനത്തിന്റെ ഉദ്ദേശ്യം, അംഗീകൃത താമസവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ, ഇമിഗ്രേഷൻ, വിസ ചട്ടങ്ങൾ പ്രകാരം എന്നിവ പരിശോധിക്കണം.
കൂടാതെ ധ്രുവ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നതും പ്രസംഗിക്കുന്നതും അനുവദനീയമാണോ എന്നും ഇതിനായി മുൻകൂർ അനുമതിയോ ക്ലിയറൻസോ ആവശ്യമുണ്ടോ എന്നും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1946ലെ വിദേശി നിയമം, വിസ വ്യവസ്ഥകൾ, ഇമിഗ്രേഷൻ ചട്ടങ്ങൾ, ഒ.സി.ഐ നിയമങ്ങൾ എന്നിവ ലംഘിച്ചതായി കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കണം.
ധ്രുവ് റാഠിയുടെ രാഷ്ട്രീയ വീക്ഷണങ്ങളോടുള്ള വിയോജിപ്പോ സർക്കാറിനോ തെരഞ്ഞെടുപ്പ് കമ്മീഷനോ ഉള്ള വിമർശനമോ അല്ല ഇതിന് പിറകിലെന്നും ഭാസ്കർ പറഞ്ഞു.
വിദേശ പൗരന്മാർ ഇന്ത്യയിലെ അവരുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നിയമ ചട്ടക്കൂട് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഉദ്ദേശിച്ചതെന്നും ഭാസ്കർ റാവു വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

