പ്രിയങ്ക് ഖാർഗെക്ക് പിന്തുണയുമായി മുൻ ആഭ്യന്തരമന്ത്രി
text_fieldsബി. രാമനാഥ റൈ വാർത്താസമ്മേളനത്തിൽ
മംഗളൂരു: സർക്കാർ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ആർ.എസ്.എസ് പരിപാടികൾ നിരോധിക്കണമെന്ന മന്ത്രി പ്രിയങ്ക് ഖാർഗെയുടെ ആവശ്യത്തിന് പിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ ബി. രാമനാഥ് റൈ. ദക്ഷിണ കന്നട ജില്ല കോൺഗ്രസ് ഓഫിസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ.പി.സി.സി വൈസ് പ്രസിഡന്റ് കൂടിയായ റൈ.
വിഷയത്തിൽ പാർട്ടി ഒറ്റക്കെട്ടായി ഖാർഗെക്കൊപ്പം ഉറച്ചുനിൽക്കും. മതം അടിത്തറയായി ഉപയോഗിക്കുന്ന ഒരു സംഘടനയെയും കോൺഗ്രസ് പിന്തുണക്കില്ല. പരസ്പരം ഉൾക്കൊള്ളൽ, മതേതരത്വം എന്നീ പ്രത്യയശാസ്ത്ര തത്ത്വങ്ങൾ ശക്തിപ്പെടുത്തുന്നതിലാണ് പാർട്ടിയുടെ ശ്രദ്ധ. കോൺഗ്രസ് പ്രത്യയശാസ്ത്രം പിന്തുടരുന്നതിനാൽ താൻ എപ്പോഴും ആർ.എസ്.എസിനെ എതിർത്തിട്ടുണ്ട്. പാർട്ടിയിലെ മറ്റുള്ളവരും ഈ മൂല്യങ്ങൾക്കൊപ്പം നിലകൊള്ളുന്നു.
സ്വാതന്ത്ര്യസമര സേനാനി ശ്രീനിവാസ് മല്യമുതൽ ഇന്നത്തെ തലമുറക്കാർ വരെയുള്ള കോൺഗ്രസ് നേതാക്കൾ ദക്ഷിണ കന്നടയുടെ വികസനത്തിന് നൽകിയ സംഭാവനകളെ റൈ എടുത്തുപറഞ്ഞു. വികസനത്തെക്കാൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനാണ് ബി.ജെ.പി മുൻഗണന നൽകുന്നത്. കോൺഗ്രസ് അംഗങ്ങൾ ആർ.എസ്.എസിന് ധനസഹായം നൽകുന്നുവെന്ന ലെജിസ്ലേറ്റീവ് കൗൺസിൽ ചീഫ് വിപ്പ് രവികുമാറിന്റെ ആരോപണത്തിന് മറുപടിയായി, എം.എൽ.സിക്ക് ഈ വിഷയത്തെക്കുറിച്ച് അറിവും ധാരണയും ഇല്ലെന്ന് റൈ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ മുൻ മേയർ ശശിധർ ഹെഗ്‌ഡെ, എം.ജി ഹെഗ്‌ഡെ, ബേബി കുന്ദർ, ബി.എൽ. പത്മനാഭ കൊടിയൻ, എസ്. അപ്പി, ചിത്തരഞ്ജൻ ഷെട്ടി ബോണ്ടാല, ദിനേശ് മൂലൂർ, സദാശിവ ഷെട്ടി, ടി.കെ. സുധീർ, ഗിരീഷ് ഷെട്ടി, പത്മപ്രസാദ് പൂജാരി, മഞ്ജുള നായക്, യോഗീഷ് കുമാർ, സുനിൽ ബാജിലക്കേരി, ഷബീർ സിദ്ധക്കാട്ടെ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

