മുൻ ഡി.ജി.പിയുടെ കൊലപാതകം; ഭാര്യ പല്ലവി അറസ്റ്റിൽ
text_fieldsഎച്ച്.എസ്.ആർ ലേഔട്ടിലെ വസതിയിൽ പോലിസ് തെളിവെടുപ്പ് നടത്തുന്നു
ബംഗളൂരു: കർണാടക മുൻ ഡി.ജി.പി ഓംപ്രകാശിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ പല്ലവി (64) അറസ്റ്റിൽ. ഞായറാഴ്ച ഉച്ചയോടെ നടന്ന കൊലപാതകത്തിനു പിന്നാലെ പല്ലവിയെ കസ്റ്റഡിയിലെടുത്ത ബംഗളൂരു പൊലീസ് ഒരു ദിവസത്തോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച രാത്രിയോടെ ഇവരെ കൊലപാതകം നടന്ന എച്ച്.എസ്.ആർ ലേഔട്ടിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. കൊലപാതകത്തിൽ മാതാവിനും തന്റെ സഹോദരിക്കും പങ്കുണ്ടെന്ന ഓംപ്രകാശിന്റെ മകൻ കാർത്തികേഷിന്റെ (38) പരാതിയെ തുടർന്ന് തിങ്കളാഴ്ച രാവിലെ മകൾ കൃതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മുഖ്യപ്രതിയായ പല്ലവിക്ക് പുറമെ, കൃതിക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിൽ കൊലപാതകത്തിൽ കൃതിക്ക് പങ്കില്ലെന്നുമാണ് പൊലീസ് നിഗമനം.
വിശദമായ ചോദ്യം ചെയ്യലിനു ശേഷമേ യഥാർഥ കാരണം വ്യക്തമാവൂ എന്ന് ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു. കേസ് കർണാടക പൊലീസിലെ സെൻട്രൽ ക്രൈംബ്രാഞ്ചിന് കൈമാറിയതായി ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ അറിയിച്ചു. സി.സി.ബി അന്വേഷണ സംഘം ചൊവ്വാഴ്ച കേസ് ഏറ്റെടുക്കും. എച്ച്.എസ്.ആർ ലേഔട്ടിലെ വസതിയിൽ ഞായറാഴ്ച ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ഓംപ്രകാശും ഭാര്യ പല്ലവിയും തമ്മിൽ കലഹമുണ്ടായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് പല്ലവി പലതവണ ഓംപ്രകാശിനെ കുത്തുകയായിരുന്നു. കുത്തുന്നതിനു മുമ്പ് മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞു. കുപ്പികൊണ്ട് ഓംപ്രകാശിനെ അടിച്ചു. ഗുരുതര പരിക്കേറ്റ് രക്തം വാർന്ന് ഓംപ്രകാശ് നിലത്തുവീണു. ഈസമയം, മറ്റൊരു റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യയായ സുഹൃത്തിനെ പല്ലവി ഫോണിൽ വിളിച്ച്, ‘ഒടുവിൽ ഞാൻ ആ പിശാചിനെ കൊന്നു’ എന്നറിയിച്ചു.
ഈ സുഹൃത്ത് നൽകിയ വിവരമനുസരിച്ചാണ് പൊലീസ് സംഭവസ്ഥലത്തെത്തുന്നത്. കൊലപാതകം നടക്കുമ്പോൾ ദമ്പതികളുടെ മകൾ കൃതി വീട്ടിലുണ്ടായിരുന്നു. നാലുനിലയുള്ള കെട്ടിടത്തിലെ മറ്റൊരു വീട്ടിലാണ് മകൻ കാർത്തികേഷ് താമസിക്കുന്നത്. സംഭവസമയത്ത് ഇയാൾ ജോലി സ്ഥലത്തായിരുന്നു. മാതാവും സഹോദരിയും വിഷാദരോഗികളാണെന്നും ഇരുവരും പിതാവുമായി ദിവസവും വഴക്കിടാറുണ്ടെന്നും കൊലപാതകത്തിൽ ഇരുവർക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായും കാർത്തികേഷ് നൽകിയ പരാതിയിൽ പറഞ്ഞു.
പല്ലവിയിൽനിന്ന് വധഭീഷണിയുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി സഹോദരി സരിതകുമാരിയുടെ വീട്ടിലായിരുന്നു ഓംപ്രകാശ് കഴിഞ്ഞിരുന്നത്. ഏപ്രിൽ 18ന് ഇവരുടെ വീട്ടിലെത്തിയ കൃതി പിതാവിനെ സ്വന്തം വീട്ടിലേക്ക് തിരിച്ചുവരാൻ നിർബന്ധിച്ചതായും കാർത്തികേഷ് നൽകിയ പരാതിയിൽ പറയുന്നു.
ബിഹാർ ചമ്പാരൻ സ്വദേശിയായ ഓംപ്രകാശ് 1981 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ഞായറാഴ്ച സെന്റ് ജോൺസ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം തിങ്കളാഴ്ച വൈകീട്ടോടെ വിൽസൻ ഗാർഡൻ ശ്മശാനത്തിൽ സംസ്കരിച്ചു.
സംസ്ഥാന ബഹുമതികളോടെ ഓംപ്രകാശിന് വിട
ബംഗളൂരു: കൊല്ലപ്പെട്ട മുൻ ഡി.ജി.പി ഓംപ്രകാശിന്റെ മൃതദേഹം തിങ്കളാഴ്ച വൈകീട്ട് സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. മകൻ കാർത്തികേഷ് അന്ത്യകർമങ്ങൾ നടത്തി. ബന്ധുക്കളും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
മുൻ ഡി.ജി.പി ഓംപ്രകാശിന്റെ മൃതദേഹം തിങ്കളാഴ്ച എച്ച്.എസ്.ആർ ലേഔട്ടിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ
ഉപചാര വെടികളോടെ വിൽസൻഗാർഡൻ ശ്മശാനത്തിൽ സംസ്കരിച്ചു. സെന്റ് ജോൺസ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം എച്ച്.എസ്.ആർ ലേഔട്ടിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ അടക്കമുള്ളവർ അന്തിമോപചാരമർപ്പിക്കാനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

