മുഡ കേസിൽ വഴിത്തിരിവ്; മുൻ കമീഷണർ ഇ.ഡി അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ മുഡ മുൻ കമീഷണർ ദിനേശ് കുമാർ
ബംഗളൂരു: ഭൂമി അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ മൈസൂരു നഗര വികസന അതോറിറ്റി (മുഡ) മുൻ കമീഷണർ ജി.ടി. ദിനേശ് കുമാറിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ ഇ.ഡി ഓഫിസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷം ഇ.ഡി ഉദ്യോഗസ്ഥർ ദിനേശിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കലിനെതിരായ കേസിൽ ബംഗളൂരുവിലെ പി.എം.എൽ.എ കോടതിയിൽ പ്രതിയെ ഹാജരാക്കി. ഇയാളുടെ വസതിയിലടക്കം നടത്തിയ റെയ്ഡിൽ കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമികളുടെ രേഖകളും അജ്ഞാത ഇടപാടുകളുടെ രേഖകളും കണ്ടെടുത്തിരുന്നതായി ഇ.ഡി അറിയിച്ചു.
ഹെബ്ബാളിലെ കെംപാപുരയിൽ 3.5 കോടി വിലവരുന്ന മൂന്ന് കിടപ്പുമുറികളുള്ള വീട് ദിനേശ് കുമാർ വാങ്ങിയിരുന്നു. ഇതിനു പുറമെ, ഭാര്യയുടെയും ബന്ധുക്കളുടെയും പേരിലും വിവിധ ഭൂമി ഇടപാടുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൈസൂരു നഗരവികസന അതോറിറ്റി കമീഷണറായിരിക്കെ ചട്ടവിരുദ്ധമായി സൈറ്റുകൾ അനുവദിച്ചതായാണ് ഇ.ഡി ആരോപണം. ഇത്തരത്തിൽ 1,000ത്തോളം സൈറ്റുകൾ നിയമവിരുദ്ധമായി അനുവദിച്ചെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ ബി.എം. പാർവതി എന്നിവരടക്കമുള്ളവർക്ക് മുൻഗണന നൽകിയതായും ഇ.ഡി ആരോപിക്കുന്നു. ഒരു രേഖയുമില്ലാതെ 120 സൈറ്റുകൾ അനുവദിച്ചതായും ഈ ഇടപാടുകളുടെ പേരിൽ ഭാര്യാ സഹോദരന്റെ പേരിൽ കോടികൾ കൈപ്പറ്റിയതായും പറയുന്നു.
ഇയാളുടെ കൂടുതൽ ബിനാമി ഇടപാടുകൾ കണ്ടെത്താൻ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കോടതിയെ ഇ.ഡി അറിയിച്ചു. അനധികൃത ഇടപാടുകളുടെ പേരിൽ വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇ.ഡി ആരോപണം. മുഡ മുൻ കമീഷണർ ദിനേശ് കുമാറിനെതിരായ ഇ.ഡി നടപടിയോടെ വിവാദമായ മുഡ കേസ് വീണ്ടും ചർച്ചയാവുകയാണ്.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ ബി.എം. പാർവതി എന്നിവരടക്കമുള്ളവരെ പ്രതികളാക്കി കോടതി നിർദേശപ്രകാരം ലോകായുക്ത പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മതിയായ തെളിവില്ലെന്ന് കണ്ട് മുഖ്യമന്ത്രിയെയും ഭാര്യയെയും ഹൈകോടതി വെറുതെ വിട്ടിരുന്നു. പിന്നീട് ദിനേശ് കുമാറിനെതിരായ അന്വേഷണത്തിന് മൈസൂരു ലോകായുക്ത പൊലീസ് സർക്കാറിൽനിന്ന് അനുമതി തേടുകയും സർക്കാർ അനുമതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, കേസിൽ അന്വേഷണം ഇഴഞ്ഞുനീങ്ങിയതോടെ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഇതേത്തുടർന്ന് ദിനേശ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകനായ മൈസൂരു സ്വദേശി സ്നേഹമയി കൃഷ്ണ ഹൈകോടതിയെ സമീപിച്ചു. ഈ ഹരജിയിൽ സെപ്റ്റംബർ 29ന് വാദം കേൾക്കാനിരിക്കെയാണ് സമാന്തരമായി ഇ.ഡി ദിനേശ് കുമാറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയത്. ഭൂമി കൈമാറ്റത്തിന് ദിനേശ് കുമാർ വ്യാജ രേഖകളടക്കം തയാറാക്കിയതായും ഇ.ഡി കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

