മുൻ മുഖ്യമന്ത്രി യെദിയൂരപ്പയുടെ ഭൂമി കൈയേറ്റം: കേസ് വിധി സുപ്രീം കോടതി വിശാല ബെഞ്ചിന്
text_fieldsബംഗളൂരു: മുൻമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പക്കെതിരായ 2011 ലെ ഭൂമി കൈയേറ്റം സംബന്ധിച്ച കേസിൽ ഹരജി സുപ്രീം കോടതി തിങ്കളാഴ്ച വിശാല ബെഞ്ചിന് വിട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട നിയമപരമായ ചോദ്യങ്ങൾ ബന്ധപ്പെട്ട ഒരു കേസിൽ വിശാല ബെഞ്ചിന് മുമ്പാകെ പരിഗണനയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും മനോജ് മിശ്രയും അടങ്ങിയ ഡിവിഷൻ ബെഞ്ച് നടപടി.
ബംഗളൂരു നോർത്ത് താലൂക്കിലെ ഹൂവിനായകനഹള്ളിയിൽ ഹാർഡ്വെയർ പാർക്ക് സ്ഥാപിക്കുന്നതിനായി കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്മെന്റ് ബോർഡ് (കെ.ഐ.എ.ഡി.ബി) ഏറ്റെടുത്ത സർക്കാർ ഭൂമി നിയമവിരുദ്ധമായി വിജ്ഞാപനം റദ്ദാക്കിയതായും ഇത് സംസ്ഥാന ഖജനാവിന് കാര്യമായ നഷ്ടം വരുത്തിയതായും ആരോപിക്കപ്പെടുന്നതാണ് കേസ്.
2006ൽ അന്നത്തെ ഉപമുഖ്യമന്ത്രിയായിരുന്ന യെദിയൂരപ്പ വിജ്ഞാപനം റദ്ദാക്കാൻ തന്റെ അധികാരം ദുരുപയോഗം ചെയ്തുവെന്ന് ആലം പാഷ സമർപ്പിച്ച പരാതിയിൽ ആരോപിക്കുന്നു. കോടിക്കണക്കിന് രൂപയുടെ സേവന, വികസന ചാർജുകൾ എഴുതിത്തള്ളിയതായും പരാതിയിൽ ഉന്നയിച്ചു. 2012ൽ യെദിയൂരപ്പക്കും അന്നത്തെ വ്യവസായ മന്ത്രി കട്ട സുബ്രഹ്മണ്യ നായിഡു എന്നിവരുൾപ്പെടെ ഒമ്പത് കൂട്ടുപ്രതികൾക്കുമെതിരായ കുറ്റങ്ങൾ പൊലീസ് ഒഴിവാക്കി.
തെളിവുകളുടെ അഭാവം മൂലം രണ്ട് നേതാക്കൾക്കുമെതിരായ പരാതി പിന്നീട് വിചാരണ കോടതി തള്ളി. ഇതിനെ പരാതിക്കാരൻ കർണാടക ഹൈകോടതിയിൽ ചോദ്യം ചെയ്തു. 2021ൽ വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയ ഹൈകോടതി, യെദിയൂരപ്പക്കും നായിഡുവിനുമെതിരായ വിചാരണ പുനരാരംഭിക്കാൻ ഉത്തരവിട്ടു. ഹൈകോടതി വിധിയെ യെദിയൂരപ്പ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

