നിർബന്ധിത മതപരിവർത്തനമെന്ന്; അഞ്ചുപേർ അറസ്റ്റിൽ
text_fieldsബംഗളൂരു: ഹിന്ദു മതക്കാരനെ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന കേസിൽ അഞ്ചുപേർ അറസ്റ്റിൽ. ബംഗളൂരു മുൻ കോർപറേറ്റർ അൻസാർ പാഷ, നയാസ് പാഷ, ഹാജി സാബ, അതാവുറഹ്മാൻ, ഷുഹൈബ് എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. കേസിൽ ആദ്യം രണ്ടുപേർ അറസ്റ്റിലായിരുന്നു. മറ്റു മൂന്നുപേരെ വ്യാഴാഴ്ചയാണ് പിടികൂടിയത്. നയാസ് പാഷയെ തമിഴ്നാട്ടിൽനിന്നാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മാണ്ഡ്യ സ്വദേശി ശ്രീധർ ഇസ്ലാം സ്വീകരിക്കാൻ താൽപര്യം കാണിച്ചതോടെ സുന്നത്ത് കർമമടക്കം ചെയ്തുനൽകിയെന്നും എന്നാൽ, പിന്നീട് വിസമ്മതം പ്രകടിപ്പിച്ചതോടെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്നുമാണ് കേഅസ്. ഹുബ്ബള്ളി സിറ്റിയിലെ നവനഗർ പൊലീസ് സ്റ്റേഷനിൽ ആദ്യം രജിസ്റ്റർചെയ്ത കേസ് പിന്നീട് ബംഗളൂരുവിലെ ബനശങ്കരി പൊലീസിന് കൈമാറുകയായിരുന്നു.
സാമ്പത്തിക പ്രയാസങ്ങളുണ്ടായിരുന്ന ശ്രീധർ ഒരു മുസ്ലിം യുവാവിനെ പരിചയപ്പെടുകയും അയാൾ അദ്ദേഹത്തെ ഒരു മതനേതാവിന്റെ അടുക്കൽ കൊണ്ടുപോവുകയും ചെയ്തതായാണ് സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്. അര ലക്ഷം രൂപ സാമ്പത്തിക സഹായം നൽകിയശേഷം അവരുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനും മതം മാറാനും ആവശ്യപ്പെട്ടു. തടസ്സം നിന്നപ്പോൾ കൈയിൽ തോക്ക് നൽകി ഫോട്ടോക്ക് പോസ് ചെയ്യിച്ചെന്നും തീവ്രവാദിയെന്ന പേരിൽ ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. കേസിൽ വിശദാന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

