50 കോടി രൂപയിൽ താഴെ വാർഷിക വിറ്റുവരവുള്ള ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ പരിശോധന തുടരുന്നു
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: 50 കോടി രൂപയിൽ താഴെ വാർഷിക വിറ്റുവരവുള്ള ഹോട്ടലുകൾ ഭക്ഷ്യസുരക്ഷാ, ഭരണ വകുപ്പിന്റെ പരിധിയിൽ ഉള്‍പ്പെടുത്തിയതോടെ വരും ദിവസങ്ങൾ നഗരത്തിലെ കൂടുതൽ ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളില്‍ കൂടി ഭക്ഷ്യസുരക്ഷാ പരിശോധന തുടരും. 2026 ഏപ്രിലിലാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) ലൈസൻസിങ് ബ്രാക്കറ്റ് പരിഷ്കരിച്ചത്.
ഇതോടെ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഔട്ട്ലെറ്റുകളുടെ വാർഷിക വിറ്റുവരവ് 20 കോടി രൂപയിൽ നിന്ന് 50 കോടി രൂപയായി മാറ്റി. 50 കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും ലൈസൻസിങ് ഇപ്പോൾ എഫ്.എസ്.എസ്.എ.ഐയാണ് നിയന്ത്രിക്കുന്നത്.
റെയ്ഡുകള്‍ ഇതിന് മുമ്പും നടത്തിയിട്ടുണ്ടെന്നും ഇപ്പോള്‍ വിപുലമായ തോതില്‍ നടത്തുന്നുവെന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെ ഭക്ഷ്യസുരക്ഷ, മരുന്ന് അഡ്മിനിസ്ട്രേഷൻ വകുപ്പ് കമ്മീഷണർ കെ. ശ്രീനിവാസ് പറഞ്ഞു. റെയ്ഡ് ചെയ്ത ഹോട്ടൽ അടുക്കളകൾ ഇപ്പോഴും പ്രവർത്തിക്കുന്നു എന്ന ആരോപണത്തിന് മറുപടിയായി ഹോട്ടൽ മാനേജ്മെന്റ് പ്രശ്നം പരിഹരിച്ചതിന് ശേഷം ഒരു ആഴ്ചയ്ക്കുള്ളിൽ നോട്ടീസുകൾക്ക് മറുപടി നൽകണമെന്നും
ചില റെസ്റ്റോറന്റുകൾ നോട്ടീസുകൾക്ക് മറുപടി നല്കി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് എല്ലാ ഹോട്ടലുടമകൾക്കും ആരോഗ്യ കുടുംബക്ഷേമ മന്ത്രി യു.ടി. ഖാദർ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. കർണാടകയിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ആഗസ്റ്റ് ഏഴു മുതല്‍ ഒമ്പത് വരെയുള്ള മൂന്ന് ദിവസങ്ങളിലായി 60 ഹോട്ടലുകളിൽ പരിശോധന നടത്തി. ഇവിടെ നിന്നും 77 സാമ്പിളുകൾ ശേഖരിച്ചു.
കർണാടക ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ 30 സംഘങ്ങളായി വിന്യസിസിച്ചാണ് അന്വേഷണം നടത്തിയത്. ത്രീ-സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ, റസ്റ്റോറന്റുകള്‍ , ഭക്ഷണ സംഭരണ സൗകര്യങ്ങൾ, പ്രധാന സ്ഥാപനങ്ങൾ വിതരണം ചെയ്യുന്ന വെയർഹൗസുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ, വൃത്തിഹീനമായ അടുക്കള എന്നിവ ഉൾപ്പെടെ നിരവധി ലംഘനങ്ങൾ കണ്ടെത്തി.
640 കിലോ ആട്ടിറച്ചി, കോഴി, മത്സ്യം, 276 കിലോ ചീഞ്ഞതോ പൂപ്പൽ ബാധിച്ചതോ ആയ പച്ചക്കറികൾ, 45 ലിറ്റർ കാലാവധി കഴിഞ്ഞ പാലും തൈരും, 12 കിലോ ബേക്കറി ഉൽപ്പന്നങ്ങൾ, 67 കിലോ കാലാവധി കഴിഞ്ഞ ധാന്യങ്ങളും മറ്റ് ഭക്ഷ്യവസ്തുക്കളും, 49 ലിറ്റർ ഉപയോഗിച്ച പാചക എണ്ണ എന്നിവയാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. കെ.എഫ്.സി, മക്ഡൊണാൾഡ്സ്, സബ്വേ ഔട്ട്ലെറ്റുകളിലും അവയുടെ വിതരണ വെയർഹൗസുകളിലും പ്രത്യേക പരിശോധനകൾ നടത്തി.
ശേഖരിച്ച സാമ്പിളുകള്‍ ഉദ്യോഗസ്ഥർ ലബോറട്ടറിയിലേക്കയച്ചു. ബംഗളൂരു അർബൻ ജില്ലയിലും ബി.ബി.എം.പി സോണുകളിലും വ്യാപകമായ ഭക്ഷ്യ സുരക്ഷാ നടപടിയുടെ ഭാഗമായാണ് പരിശോധനകൾ നടത്തിയത്. ഭക്ഷ്യ സുരക്ഷയും ഗുണനിലവാരവും ലംഘിക്കുന്നതായി കണ്ടെത്തിയാൽ നടത്തിപ്പുകാർക്കെതിരെ ഭക്ഷ്യ സുരക്ഷാ, നിലവാര നിയമപ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

