ആരോഗ്യം മുഖ്യം; ഊർജിത നടപടികളുമായി വകുപ്പ്
text_fieldsബംഗളൂരു: ഇഡലിത്തട്ടുകളില് പ്ലാസ്റ്റിക് ഉപയോഗിച്ച് പാചകം ചെയ്യുന്നത് നിര്‍ത്തലാക്കി ഭക്ഷ്യസുരക്ഷ വകുപ്പ്. സംസ്ഥനത്തെ 254 ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനയില്‍ 24 കേസുകള്‍ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
പല ഹോട്ടലുകളിലും തട്ടുകടകളിലും വഴിയോര കച്ചവടകേന്ദ്രങ്ങളിലും ഇഡലിത്തട്ടിന് മുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് നിരത്തി അതിനു മുകളില്‍ മാവ് ഒഴിച്ചാണ് ഇഡലി പാകം ചെയ്യുന്നതെന്ന് കണ്ടെത്തി. ഇഡലിപ്പാത്രങ്ങള് വൃത്തിയാക്കാനുള്ള അസൗകര്യം കണക്കിലെടുത്താണ് പാചകത്തിന് പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിക്കുന്ന രീതി കടക്കാർ അവലംബിക്കുന്നത്.
പക്ഷേ പ്ലാസ്റ്റിക് ചൂടാകുമ്പോള്‍ അവയിൽനിന്ന് പുറപ്പെടുന്ന രാസപദാർഥങ്ങൾ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയ്ക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കും അർബുദത്തിനും കാരണമാകുന്നുണ്ട്.
പൊതുജനങ്ങളില്‍നിന്നും പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പ് സംസ്ഥാനത്തെ ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, തെരുവ് ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയത്. നിര്‍മാണച്ചെലവ് കുറക്കാനും പാത്രം കഴുകൽ ഒഴിവാക്കാനുമാണ് പ്ലാസ്റ്റിക് ഷീറ്റുകള്‍ കച്ചവടക്കാര്‍ ഉപയോഗിക്കുന്നത്.
ചില ഹോട്ടലുകളിൽ ഇഡലി പാചകത്തിന് തുണികള്‍, വാഴയില, നോണ്‍ സ്റ്റിക് മോള്‍ഡുകള്‍ തുടങ്ങിയവയും ഉപയോഗിക്കുന്നുണ്ട്.
ചെറിയ ഹോട്ടലുകള്‍ മാത്രമാണ് പ്ലാസ്റ്റിക് ഷീറ്റുകള്‍ ഉപയോഗിക്കുന്നതെന്നും നഗരത്തിലെ 90 ശതമാനം ഹോട്ടലുകളും പ്ലാസ്റ്റിക് ഷീറ്റുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയതായും ബൃഹത് ബംഗളൂരു ഹോട്ടല്‍ അസോസിയേഷന് പ്രസിഡന്റ് സുബ്രമണ്യ ഹൊല്ല പറഞ്ഞു. തുണി ഉപയോഗം താരതമ്യേന ബുദ്ധിമുട്ടാണ് അവ കഴുകി വൃത്തിയാക്കണം ചെലവ് കുറക്കുക എന്ന ലക്ഷ്യംമാത്രമാണ് അവ ഉപയോഗിക്കാന്‍ കച്ചവടക്കാരെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൃത്രിമ നിറം ചേർത്ത ഗ്രീൻപീസിനും വിലക്കേർപ്പെടുത്തും
ബംഗളൂരു: ബംഗളൂരു നഗരത്തില്‍ കൃത്രിമ നിറം ചേർത്ത് വറുക്കുന്ന ഗ്രീന്‍പീസിനും നിരോധനം ഏര്‍പ്പെടുത്തുന്നു. സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് പരാതികൾ ഉയർന്നതോടെ ഭക്ഷ്യസുരക്ഷ വകുപ്പ് സംസ്ഥാനത്താകെ പരിശോധന നടത്തി. പരിശോധനയില്‍ 70 സാമ്പ്ളുകള്‍ കണ്ടെത്തി ലബോറട്ടറിയിലേക്ക് പരിശോധനക്കയച്ചു.
ഫലം വന്നശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഗോബി മഞ്ചൂരിയന്, ബോംബേ മിഠായി തുടങ്ങിയവയില്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നെന്ന് കണ്ടെത്തിയതിനാല്‍ കര്‍ണാടകയില്‍ അവക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.ആരോഗ്യത്തിന് ഹാനികരമായ റെഡാമിൻ -ബി, ടാർട്രാസിൻ പോലുള്ള കൃത്രിമ നിറങ്ങൾ ചേർത്തതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. എന്നാൽ, ഇവ ചേർക്കാത്ത വെള്ള പഞ്ഞി മിഠായിയും ഗോബി മഞ്ചൂരിയനും വിൽക്കുന്നതിന് നിലവിൽ നിരോധനമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

