ബസും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു
text_fieldsഅപകടത്തിൽ തകർന്ന ബസ്
ബംഗളൂരു: ബംഗളൂരു റൂറലിലെ ഹോസ്കോട്ടെ താലൂക്കിൽ ഗോട്ടിപുര ഗേറ്റിന് സമീപം വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെ ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എ.പി.എസ്.ആർ.ടി.സി) ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. 16 യാത്രക്കാർക്ക് പരിക്കേറ്റു, ഇതിൽ രണ്ടുപേർ ഗുരുതരാവസ്ഥയിലാണ്. ആന്ധ്രപ്രദേശിൽ ചിറ്റൂർ ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽനിന്നുള്ള യാത്വിക് (11 മാസം), പ്രണതി (അഞ്ച്), തുളസി എന്ന തനു (21), കേശവുലു റെഡ്ഡി (44), ജെ.പി നഗർ സ്വദേശി ശാരദ (43) എന്നിവരാണ് മരിച്ചത്.
തുളസി സ്വകാര്യ കോളജിൽ ബിടെക് വിദ്യാർഥിനിയും യാത്വിക് മുൻ സൈനികന്റെ മകനും കേശവുലു കൂലിപ്പണിക്കാരനുമാണ്. വീട്ടമ്മയാണ് ശാരദ.ബസ് ഡ്രൈവർ പാതിയുറക്കത്തിൽ അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽനിന്ന് നഗരത്തിലേക്ക് വരികയായിരുന്ന ബസിൽ 30 യാത്രക്കാരുണ്ടായിരുന്നു. ഇരുമ്പ് ദണ്ഡുകൾ നിറച്ച ലോറി കൊൽക്കത്തയിൽനിന്ന് ബംഗളൂരുവിലേക്ക് വരുകയായിരുന്നു.
തിരുപ്പതിയിൽനിന്ന് യാത്രക്കാരെ കയറ്റിയ ബസ് ഒന്നര മണിക്കൂർ വൈകിയാണ് ചിറ്റൂരിലെത്തിയത്. കോലാർ-ബംഗളൂരു ഹൈവേയിലെ ഗോട്ടിപുര ഗേറ്റിന് സമീപം പുലർച്ചെ 1.50 ഓടെ ബസ് ഡ്രൈവർ ലോറിയെ മറികടക്കാൻ ശ്രമിച്ചെങ്കിലും പിറകിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ വലതുവശവും മേൽഭാഗവും തകർന്നു. ബസിന്റെ വലതുവശത്ത് ഇരുന്ന യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റു.
ബസ് യാത്രക്കാരൻ ജെ.പി. നഗർ നിവാസിയും ചിറ്റൂർ സ്വദേശിയുമായ മദന മോഹന റെഡ്ഡി പൊലീസിനോട് പറഞ്ഞത് ഇങ്ങനെ: ‘രാത്രി 9.30 ഓടെ ചിറ്റൂരിൽ എത്തേണ്ടിയിരുന്ന ബസ് രാത്രി 11ഓയോടെയാണ് എത്തിയത്. പുലർച്ചെ രണ്ടോടെയാണ് ഞങ്ങൾ എല്ലാവരും ഉറങ്ങാൻ കിടന്നത്. കണ്ണുതുറന്നപ്പോൾ ബസിന്റെ മേൽക്കൂര കാണാനായില്ല. ഞാൻ നാലാം നിര സീറ്റിലായിരുന്നു. എന്റെ ഭാര്യ ധനലക്ഷ്മിയുടെ രണ്ട് കാലുകളും ഏതാണ്ട് അറ്റുപോയ നിലയിൽ ഞാൻ കണ്ടു. അഞ്ച് മുതൽ ആറ് വരെ യാത്രക്കാർ അബോധാവസ്ഥയിലായിരുന്നു.
പരിക്കേൽക്കാത്തവർ പരിക്കേറ്റവരെ ബസിൽനിന്ന് പുറത്തെടുത്ത് സഹായിക്കാൻ തുടങ്ങി. 15-20 മിനിറ്റിനുശേഷം ആംബുലൻസുകൾ എത്തി അവരെ ആശുപത്രിയിലേക്ക് മാറ്റി. എന്റെ ഭാര്യയുടെ രണ്ട് കാലുകളും നഷ്ടപ്പെട്ടു, അവരുടെ നില ഗുരുതരമാണ്.’ 16 ഓളം പേർക്ക് പരിക്കേറ്റതായും അതിൽ ധനലക്ഷ്മി (37), ബസ് ഡ്രൈവർ വി.എൽ.കെ കുമാർ എന്നിവരുൾപ്പെടെ രണ്ട് പേരുടെ നില ഗുരുതരമാണെന്നും പൊലീസ് പറഞ്ഞു. എല്ലാവരും ഹോസ്കോട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൊൽക്കത്തയിൽനിന്നുള്ള ലോറി ഡ്രൈവർ ദിനേശ് ബിശ്വാസ് എന്നയാൾ മൈസൂരു റോഡിൽ ഇരുമ്പ് ദണ്ഡുകൾ ഇറക്കേണ്ടതായിരുന്നുവെന്ന് പൊലീസിനോട് പറഞ്ഞു.
ബസ് ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നു. ജനക്കൂട്ടത്തിന്റെ ആക്രമണം ഭയന്ന് അയാൾ സമീപത്ത് ഒളിച്ചിരിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം അയാൾ പൊലീസിനെ സമീപിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ ഹൊസ്കോട്ടിലെ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബങ്ങൾക്ക് കൈമാറി. രണ്ട് ഡ്രൈവർമാരും മദ്യപിച്ചിരുന്നില്ല. മദന മോഹന റെഡ്ഡി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹൊസ്കോട്ടെ ട്രാഫിക് പൊലീസ് സ്റ്റേഷനിൽ ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു.യാത്രക്കാരുടെ സഹായത്തോടെ പൊലീസ് വാഹനങ്ങൾ റോഡരികിലേക്ക് തള്ളിമാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

