പെണ്‍കുഞ്ഞിനെ വില്ക്കാന് ശ്രമം; അഞ്ചുപേര്‍ അറസ്റ്റില്‍
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: ആറുമാസം പ്രായമുള്ള പെൺകുഞ്ഞിനെ വില്ക്കാന് ശ്രമിച്ച കേസില്‍ മാതാപിതാക്കളും വളർത്തുമാതാപിതാക്കളും ഔട്ട്സോഴ്സ് ജീവനക്കാരിയുമുൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായി. ചാമരാജനഗർ ടൗണിലെ മഞ്ജു നായക, ഭാര്യ സിന്ധു, ചെലുവമ്പ ആശുപത്രിയിലെ ഔട്ട്സോഴ്സ് ‘ഡി’ ഗ്രൂപ്പ് ജീവനക്കാരി ശാന്തമ്മ, ഹസൻ അർക്കൽഗുഡ് താലൂക്കിലെ ജവരയ്യ, ഭാര്യ നേത്ര എന്നിവരാണ് അറസ്റ്റിലായത്. ചാമരാജനഗറിലെ ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫിസർ (സി.ഡി.പി.ഒ) 2025 സെപ്റ്റംബർ ഒമ്പതിന് ടൗൺ പൊലീസിൽ നൽകിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.
ജൂലൈ 26ന് ചാമരാജനഗർ ജില്ല ആശുപത്രിയിൽ സിന്ധു പെൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും കുഞ്ഞ് മാതാപിതാക്കളോടൊപ്പം ഉണ്ടായിരുന്നില്ല എന്ന് കണ്ടെത്തിയതായി സി.ഡി.പി.ഒ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ജുവനൈൽ ജസ്റ്റിസ് (ജെ.ജെ) ആക്ടിലെ സെക്ഷൻ 75, 2023ലെ ഭാരതീയ ന്യായസംഹിത (ബി.എൻ.എസ്) സെക്ഷൻ 93 എന്നിവ പ്രകാരം മാതാപിതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ഒളിവില്‍ പോയ മഞ്ജു നായക-സിന്ധു ദമ്പതികളെ ജനുവരി 23ന് പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ കുഞ്ഞിനെ ജവരയ്യ ദമ്പതികൾക്ക് 50,000 രൂപക്ക് വിറ്റതായി ദമ്പതികൾ വെളിപ്പെടുത്തി. ഇടനിലക്കാരിയായിനിന്ന ശാന്തമ്മക്ക് 20,000 രൂപ ലഭിച്ചെന്നും ഇവര്‍ പറഞ്ഞു. കുഞ്ഞിനെ കണ്ടെത്തിയ പൊലീസ് വനിത-ശിശു വികസന വകുപ്പിന് കൈമാറി. ചാമരാജനഗർ പൊലീസ് സൂപ്രണ്ട് എം. മുത്തുരാജു, അഡീഷനൽ എസ്.പി എം.എൻ. ശശിധർ, ചാമരാജനഗർ സബ് ഡിവിഷൻ ഡിവൈ.എസ്.പി എൻ. സ്നേഹ രാജ് എന്നിവർ അന്വേഷണത്തിന് മേൽനോട്ടം വഹിച്ചു. ഇൻസ്പെക്ടർ എം. ജഗദീഷ്, പി.എസ്.ഐ ആർ. മഞ്ജുനാഥ് എന്നിവര്‍ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

