അണയാതെ തീ; കാണാതായ നാലുപേർക്കായി തിരച്ചിൽ
text_fieldsമംഗളൂരു: കേരള അതിർത്തി കടലിൽ കോഴിക്കോട് ബേപ്പൂർ, കണ്ണൂർ അഴീക്കൽ തുറമുഖങ്ങൾക്കിടയിൽ തീപിടിച്ച സിംഗപ്പൂർ പതാകയുള്ള കണ്ടെയ്നർ കപ്പൽ എം.വി വാൻഹായ് 503ൽ നിന്ന് രക്ഷപ്പെടുത്തിയ ജീവനക്കാർ മംഗളൂരുവിൽ ഹോട്ടലിലും പരിക്കേറ്റവർ ആശുപത്രിയിലും കഴിയുന്നു. പരിക്കേറ്റ രണ്ടുപേർ മംഗളൂരു എ.ജെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കടലിൽ കാണാതായ നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്. 18 കപ്പൽ ജീവനക്കാരുമായി ഇന്ത്യൻ നാവികസേനയുടെ കപ്പൽ ഐ.എൻ.എസ് സൂറത്ത് തിങ്കളാഴ്ച രാത്രി 10:45നാണ് മംഗളൂരു പണമ്പൂരിലെ ന്യൂ മംഗളൂരു തുറമുഖ അതോറിറ്റിയിൽ (എൻ.എം.പി.എ) എത്തിയത്. 22 ജീവനക്കാരിൽ 18 പേരെ രക്ഷപ്പെടുത്തിയെങ്കിലും നാലുപേർ കടലിൽ മുങ്ങിപ്പോയിരുന്നു.
രക്ഷപ്പെടുത്തിയ ജീവനക്കാരിൽ ലു യാൻലി (17), സോണിതൂർ ഹേനി (18)എന്നിവർക്ക് ഗുരുതര പരിക്കേറ്റു. സു ഫാബോ, ഗുവോ ലിനിനോ, തീൻ താൻ ഹ്തേ, കൈ സാവ് ഹ്തൂ എന്നീ നാലു പേർക്ക് നിസ്സാര പരിക്കുണ്ട്. ശേഷിക്കുന്ന വെയ് ചുൻ-ജു, ടാഗ് പെങ്, കാൻ ഹിയു വാൽ, ലിൻ ചുൻ ചെങ്, ഫെങ് ലി, ലി ഫെങ്ഗുവാങ്, തെറ്റ് ഹ്ടട്ട് സ്വെ, ഗുവോ എർചുൻ, ഹോളിക് അസ്യാരി, സു വെയ്, ചാൻ വെയ് എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. യു ബോ-ഫോങ്, സാൻ വിൻ, സെയ്നൽ അബിദിൻ, ഹ്സി ചിയ-വെൻ എന്നിവരെയാണ് കാണാതായത്.
22 അംഗ സംഘത്തിൽ എട്ടുപേർ ചൈന, നാലുപേർ തായ്വാനികൾ, നാലുപേർ മ്യാന്മർ, രണ്ടുപേർ ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. കടലിൽ തീപിടിച്ച കണ്ടെയ്നർ കപ്പലിൽ അപകടകരമായ ചരക്കിന്റെ സാന്നിധ്യം സുരക്ഷ ആശങ്കകൾ ഉയർത്തുന്നതായി കോസ്റ്റ് ഗാർഡ് അധികൃതർ പറഞ്ഞു. തീയണക്കാനുള്ള ശ്രമങ്ങൾ സംഭവം നടന്ന പകലും രാത്രിയും ചൊവ്വാഴ്ചയും തുടർന്നു. ഇന്ത്യൻ കോസ്റ്റ് ഗാർഡും (ഐ.സി.ജി) നാവികസേനയും തീയണക്കൽ യജ്ഞത്തിൽ പങ്കാളികളാണ്.
അതേസമയം കപ്പൽ ചരിയുന്നതും മുങ്ങുമെന്ന സൂചനയും രക്ഷാപ്രവർത്തന കേന്ദ്രീകരണം കുഴപ്പത്തിലാക്കുന്നു. കപ്പലുകളുടെ മധ്യത്തിൽ നിന്ന് അക്കോമഡേഷൻ ബ്ലോക്കിന് മുന്നിലുള്ള കണ്ടെയ്നർ ബേ വരെ തീയും സ്ഫോടനങ്ങളും തുടരുന്നു. ഫോർവേഡ് ബേയിലെ തീ നിയന്ത്രണാധീനമായിട്ടുണ്ട്. കട്ടപ്പുക അവശേഷിക്കുന്നു.
ഐ.സി.ജി കപ്പലുകളായ സമുദ്ര പ്രഹരി, സചേത് എന്നിവ അഗ്നിശമന പ്രവർത്തനങ്ങളും അതിർത്തി തണുപ്പിക്കലും നടത്തുന്നുവെന്നും ഇന്ത്യൻ കോസ്റ്റ് ഗാർഡ് അധികൃതർ പറയുന്നു. 157 കണ്ടെയ്നറുകൾ നിരവധി അപകടസാധ്യതയുള്ള ചരക്കുകൾ വഹിക്കുന്നതായാണ് അധികൃതർ നൽകുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

