സുഗന്ധദ്രവ്യ ഗോഡൗണിൽ തീപിടിത്തം; ഉടമയുൾപ്പെടെ മൂന്നുമരണം
text_fieldsബംഗളൂരു പെർഫ്യൂം ഗോഡൗണിൽ നിന്ന് തീ ഉയരുന്നു
ബംഗളൂരു: നഗരത്തോട് ചേർന്ന രാമസാന്ദ്ര മൈസൂരു റോഡിൽ സുഗന്ധ ദ്രവ്യ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ ഉടമയുൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് സാരമായ പരിക്കേറ്റു. ഉടമ ചാന്ദ്ര ലേഔട്ടിലെ വി. സലീം (30), മെഹബൂബ് പാഷ (32), തിരിച്ചറിയാത്ത ഒരു സ്ത്രീ എന്നിവരാണ് മരിച്ചത്.
അല്ലാ ബക്ഷ്(32), അഫ്റോസ് (28), സാജിത് പാഷ(15), രെഹാൻ (10) എന്നിവരെ പരിക്കുകളോടെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 62 ശതമാനം പൊള്ളലേറ്റ രെഹാൻ ഗുരുതര നിലയിലാണ്. 50 ശതമാനം പൊള്ളലേറ്റ ഒരാളെ തിരിച്ചറിഞ്ഞില്ല.വിട്ടൽ എന്നയാളുടെ പഴയ വീട് വാടകക്കെടുത്ത് ആഴ്ചകൾ തികയും മുമ്പാണ് അഗ്നിബാധയിൽ കൊല്ലപ്പെട്ട സലീം ഗോഡൗണാക്കി മാറ്റിയതെന്ന് പൊലീസ് പറഞ്ഞു. കാലാവധി കഴിഞ്ഞ സുഗന്ധ ദ്രവ്യങ്ങൾ കുപ്പികളിൽ നിന്ന് വേർതിരിക്കുന്ന ജോലിയിലേർപ്പെട്ടവർക്കാണ് അപകടം സംഭവിച്ചത്. വലിയ കുപ്പിയിൽ നിന്നുള്ള രാസലായനി മാറ്റുന്നതിനിടെയുണ്ടായ നേരിയ സ്ഫോടനത്തെത്തുടർന്ന് തീപടരുകയായിരുന്നു.
പുക നിറഞ്ഞതിനാൽ രക്ഷപ്പെടാൻ കഴിയാത്തവരാണ് വെന്തുമരിച്ചത്. ആദ്യം ഓടിയവർക്ക് അധികം പൊള്ളലേൽക്കാതെയും, പിന്നാലെ വന്നവർക്ക് സാരമായി പൊള്ളലേൽക്കുകയുമായിരുന്നു. ഗോഡൗൺ പ്രവർത്തിച്ച കെട്ടിട ഉടമക്കെതിരെ പൊലീസ് കേസെടുത്തു. ഗോഡൗൺ ഉടമ മരിച്ചതിനാൽ ബിസിനസ് പങ്കാളിയുണ്ടെങ്കിൽ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പരിക്കേറ്റ രണ്ടുപേരുടെ പ്രായം ബാലവേലയുടെ സൂചന നൽകുന്നതായി കുമ്പളഗോഡു പൊലീസ് പറഞ്ഞു. സ്ഫോടന സുരക്ഷാസംവിധാനങ്ങൾ ഗോഡൗണിൽ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

