ബംഗളൂരുവിൽ നാലുനില കെട്ടിടത്തിൽ തീപടർന്നു; അഞ്ചുപേർക്ക് ദാരുണാന്ത്യം
text_fieldsബംഗളൂരു: നഗരത്തിലെ തിരക്കേറിയ കെ.ആർ മാർക്കറ്റിന് സമീപം നാഗർത്ത്പേട്ടിൽ ശനിയാഴ്ച നാലുനില കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ അഞ്ചുപേർ വെന്തുമരിച്ചു. രാജസ്ഥാൻ സ്വദേശി മദൻ സിങ് (38), ഭാര്യ സംഗീത(33), മക്കളായ മിതേഷ് (എട്ട് ), വിഹാൻ (അഞ്ച്), സുരേഷ് കുമാർ (26) എന്നിവരാണ് മരിച്ചത്.
കെട്ടിടത്തിന്റെ നാലാം നിലയിലെ പാർപ്പിടത്തിലാണ് മരിച്ച മദൻ സിങും കുടുംബവും താമസിച്ചിരുന്നത്. കെട്ടിടത്തിന്റെ താഴത്തേയും ഒന്നാമത്തേയും നിലകളിലെ പ്ലാസ്റ്റിക് ചവിട്ടി നിർമാണ ശാലയുടെ ഗോഡൗണിൽ നിന്നാണ് പുലർച്ചെ മൂന്നരയോടെ തീ പടർന്നത്. ഫാക്ടറി ജീവനക്കാരാണ് മരിച്ച മദൻ സിങും സുരേഷും. തീപിടിച്ച ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് വസ്തുക്കൾ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തിയതായി സംഭവസ്ഥലം സന്ദർശിച്ച ബംഗളൂരു പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് പറഞ്ഞു.
താഴത്തെ നിലയിലെ ഗോഡൗണിൽ നിന്നാണ് തീ പടർന്നത്. പിന്നാലെ കെട്ടിടത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഈസമയം കെട്ടിടത്തിലുണ്ടായിരുന്ന മറ്റുള്ളവരെല്ലാം ഇറങ്ങിയോടി. മുകളിലത്തെ നില തീയും പുകയും കൊണ്ട് മൂടി. അഗ്നി രക്ഷാ സേനയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബി.ജെ.പി എം.എൽ.എ ഉദയ് ഗരുഡാചർ, ജോയിന്റ് പൊലീസ് കമീഷണർ (ഈസ്റ്റ്) വംശികൃഷ്ണ എന്നിവർ സ്ഥലം സന്ദർശിച്ചു. ദുരന്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

