ബി.ജെ.പി നേതാക്കളുടെ മാതൃകാ വീടിന് തീപിടിച്ചു; എട്ടുപേര്‍ അറസ്റ്റില്‍
text_fieldsബെള്ളാരിയില്‍ ബി.ജെ.പി നേതാക്കളായ ജി. ജനാര്‍ദനറെഡ്ഡി എം.എല്‍.എയുടെയും ബി. ശ്രീരാമലുവിന്റെയും ഉടമസ്ഥതയിലുള്ള മാതൃകാവീടിന് തീപിടിച്ചപ്പോൾ
ബംഗളൂരു: ബെള്ളാരിയില്‍ ബി.ജെ.പി നേതാക്കളായ ജി. ജനാര്‍ദനറെഡ്ഡി എം.എല്‍.എയുടെയും ബി. ശ്രീരാമലുവിന്റെയും ഉടമസ്ഥതയിലുള്ള മാതൃകാവീടിന് തീപിടിച്ചു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആറുപേരുൾപ്പെടെ എട്ടുപേരെ ബള്ളാരി പൊലീസ് അറസ്റ്റ് ചെയ്തു. ജനാർദനറെഡ്ഡിയുടെ ഭാര്യയുടെ പേരിലുള്ള ലേഔട്ടിൽ -റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ ഭാഗമായി നിർമിച്ച വീടിനാണ് തീപിടിച്ചത്. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചു.
കഴിഞ്ഞമാസം റെഡ്ഡിയുടെ വീടിനു മുന്നിൽ ബി.ജെ.പി-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാകുകയും കോൺഗ്രസ് പ്രവർത്തകൻ വെടിയേറ്റു മരിക്കുകയും ചെയ്തിരുന്നു. വീടിന് തീപിടിച്ചതിന്റെ പിന്നിൽ രാഷ്ട്രീയ വൈരാഗ്യമുണ്ടെന്ന് ആരോപണമുയർന്നെങ്കിലും പൊലീസ് നിഷേധിച്ചു. പ്രതികൾ ചേർന്ന് വീടിന്റെ മുകളിൽ കയറി സമൂഹ മാധ്യമ റീൽ നിർമിക്കാനും വിഡിയോയും ചിത്രങ്ങളും പകർത്താനും ശ്രമിക്കുന്നതിനിടെ രണ്ടുപേർ തീ കൊളുത്തുകയും ഇത് പടർന്നുപിടിക്കുകയുമായിരുന്നുവെന്ന് ബള്ളാരി പൊലീസ് ഐ.ജി പി.എസ്. ഹർഷ പറഞ്ഞു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തൊഴിലാളിയായ സൊഹൈൽ എന്ന സാഹിൽ (18), ടൗണിൽ ഫാൻസി സ്റ്റോർ നടത്തുന്ന അസ്തം എന്ന സുരേഷ് (32) എന്നിവരാണ് പ്രായപൂർത്തിയാകാത്തവർക്കൊപ്പം അറസ്റ്റിലായവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

