ഉഡുപ്പി ഗംഗൊള്ളി ജെട്ടിയിൽ തീപിടിത്തം; ഏഴു ബോട്ട് നശിച്ചു
text_fieldsഉഡുപ്പി ഗംഗൊള്ളി ജെട്ടിയിലുണ്ടായ തീപിടിത്തം
ബംഗളൂരു: ഉഡുപ്പി ജില്ലയിൽ ബൈന്തൂർ താലൂക്കിലെ ഗംഗൊള്ളി ജെട്ടിയിൽ വൻ തീപിടിത്തം. ഏഴു മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപ വിലയുള്ള മത്സ്യബന്ധന ഉപകരണങ്ങളും നാമാവശേഷമായി. ഇവിടെ നിർത്തിയിട്ടിരുന്ന രണ്ടു ബൈക്കുകളും നശിച്ചിട്ടുണ്ട്.
ദീപാവലി ആഘോഷത്തോടനുബന്ധിച്ച പൂജക്കിടെ പടക്കം പൊട്ടിച്ചതിൽനിന്നാണ് തീപടർന്നത്. ആകാശത്തേക്ക് വൻതോതിൽ പുകച്ചുരുൾ ഉയർന്നതോടെ സമീപവാസികൾ ഭയാശങ്കയിലായി. ബൈന്തൂരിലെയും ഗംഗൊള്ളിയിലെയും അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. നൂറുകണക്കിനാളുകൾ വിവരമറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടി. മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും തീയണക്കാൻ അഗ്നിരക്ഷാസേനയെ സഹായിച്ചു.
അറ്റകുറ്റപ്പണിക്കായി ജെട്ടിയിൽ എത്തിച്ച ബോട്ടുകൾക്കാണ് തീപിടിച്ചത്. ഇവ തെങ്ങിൻപട്ടകൾകൊണ്ട് മൂടിയിരുന്നു. ഇവക്കും തീപിടിച്ചതോടെ ആളിപ്പടർന്നു. തെങ്ങിൻ പട്ടകളാണ് മറ്റ് ബോട്ടുകളിലേക്ക് തീ പടരാൻ ഇടയാക്കിയത്. ചില ബോട്ടുകളിൽ ഡീസലും മണ്ണെണ്ണയും സൂക്ഷിച്ചിരുന്നു. തീ ആളിപ്പടരാൻ ഇതും ഇടയാക്കി. ചില ബോട്ടുകളിൽ മീൻപിടിത്ത ഉപകരണങ്ങളും ഉണ്ടായിരുന്നു.ഓരോ ബോട്ടിനും ഉപകരണങ്ങൾക്കുമായി ഒന്നരക്കോടി രൂപ വില വരും. ആകെ 10 കോടിയിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ദീപാവലി അവധിയായതിനാൽ നിരവധി ബോട്ടുകളാണ് ജെട്ടിയിൽ നിർത്തിയിട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

