ചൂടില്ലാ ഭക്ഷണത്തിന് ചുട്ട പിഴ
text_fieldsബംഗളൂരു: ചൂടുള്ള ഭക്ഷണം നൽകാത്ത ഹോട്ടലിന് അഡീഷനൽ ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ 7000 രൂപ പിഴയിട്ടു. കോറമംഗള സ്വദേശിയായ തഹാരയുടെ (56) പരാതിയിലാണ് നടപടി. 2022 ജൂലൈ 30ന് കുടുംബസമേതം ഹാസനിലേക്ക് യാത്രചെയ്യുന്നതിനിടെയാണ് തഹാര പ്രഭാതഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയത്.
ഭക്ഷണം തണുത്തതാണെന്നും പുതിയതല്ലെന്നും കണ്ട് ഹോട്ടൽ ജീവനക്കാരോട് പരാതിപ്പെട്ടപ്പോൾ മോശമായി പെരുമാറിയെന്നും ചൂടുള്ള ഭക്ഷണം നൽകാനാവില്ലെന്ന് പറഞ്ഞെന്നുമായിരുന്നു പരാതി.
പ്രമേഹരോഗിയാണെന്നും പ്രഭാതഭക്ഷണം മുടങ്ങിയതിനാൽ മരുന്ന് കഴിക്കാനായില്ലെന്നും പരാതിയിൽ പറഞ്ഞു. കേസ് പരിഗണിച്ച കമീഷൻ പ്രസിഡന്റ് ബി. നാരായപ്പ ഹോട്ടലിന് പിഴയിടുകയായിരുന്നു.

