ശിവമൊഗ്ഗ റെയിൽവേ സ്റ്റേഷനിലെ ദുരൂഹ പെട്ടികൾക്കു പിന്നിൽ സാമ്പത്തിക തട്ടിപ്പെന്ന് പൊലീസ്
text_fieldsമംഗളൂരു: ശിവമൊഗ്ഗ റെയിൽവേ സ്റ്റേഷനിൽ ഉടമസ്ഥരില്ലാത്ത പെട്ടികൾ കണ്ടെത്തിയതിനു പിന്നിൽ സാമ്പത്തിക തട്ടിപ്പെന്ന് പൊലീസ്. രണ്ട് കോടി രൂപ എന്ന വ്യാജേനയാണ് പൊടിയുപ്പ് നിറച്ച പെട്ടികൾ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവെച്ചത്. അറസ്റ്റിലായ സബീഉല്ല, ബാബ എന്നിവരെ ചോദ്യംചെയ്തതിൽ നിന്നാണ് പണമിടപാട് തട്ടിപ്പ് വെളിപ്പെട്ടതെന്ന് ശിവമൊഗ്ഗ ജില്ല പൊലീസ് സൂപ്രണ്ട് ജി.കെ. മിഥുൻ കുമാർ പറഞ്ഞു.
ഗോവ സ്വദേശി രാജേഷ് യാദവ്, തിപ്തൂരിലെ ഗിരീഷ് എന്നിവരുമായി അറസ്റ്റിലായവർ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു.
രണ്ട് കോടി രൂപ ഗോവയിൽ എത്തിക്കാൻ പ്രയാസമായതിനാൽ ശിവമൊഗ്ഗയിൽ വന്ന് കൊണ്ടുപോവാൻ പറയുകയായിരുന്നു. അത്രയും തുകയുടെ നോട്ടുകൾ രണ്ട് പെട്ടികളിൽ അടച്ച് റെയിൽവേ സ്റ്റേഷനിൽ വെച്ചതായി അവരെ അറിയിച്ചു. തുടർന്ന് പൊടിയുപ്പിന്റെ പാക്കറ്റുകൾ നിറച്ച പെട്ടികൾ റെയിൽവേ സ്റ്റേഷനിൽ ഇരുവരും കൊണ്ടുവെക്കുകയായിരുന്നു. റെയിൽവേ സ്റ്റേഷനിലെ അജ്ഞാത പെട്ടികൾ ഏറെ പരിഭ്രാന്തി പരത്തിയിരുന്നു. തിങ്കളാഴ്ച പുലർച്ചെ ബോംബ് സ്ക്വാഡ് പെട്ടികൾ തുറന്നു പരിശോധന നടത്തിയാണ് അകത്ത് പൊടിയുപ്പാണെന്ന് കണ്ടെത്തിയത്.

