ഫിലിം സിറ്റി പദ്ധതി: പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കം
text_fieldsബംഗളൂരു: മൈസൂരു നഞ്ചൻഗുഡ് താലൂക്കിലെ ഇമ്മാവിൽ ഫിലിം സിറ്റി പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കം. ഫിലിം സിറ്റി പദ്ധതിക്കായി കണ്ടെത്തിയ 160 ഏക്കർ സ്ഥലത്ത് 110 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശപ്രകാരം, ടെൻഡർ നടപടികൾ പൂർത്തിയാക്കിയ ശേഷം ചുറ്റുമതിൽ നിർമിക്കുന്ന പ്രവർത്തനത്തിനാണ് തുടക്കംകുറിച്ചത്. 7.10 കോടി രൂപ ചെലവിൽ, 3.6 കിലോമീറ്റർ നീളമുള്ള ചുറ്റുമതിലാണ് നിർമിക്കുന്നത്. അഞ്ച് അടി ഉയരമുള്ള മതിലിന് മുകളിൽ ഒന്നര അടിയിൽ സോളാർ വേലിയും സ്ഥാപിക്കും. ഏഴ് മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാനാണ് കരാറുകാരന് നൽകിയ നിർദേശം.
പദ്ധതിക്കായി കണ്ടെത്തിയ ബാക്കിയുള്ള 50 ഏക്കർ ഭൂമി പിന്നീട് ഏറ്റെടുത്ത് നിർമാണം പൂർത്തിയാക്കും. അതിർത്തി ജോലികൾ പൂർത്തിയായിക്കഴിഞ്ഞാൽ, ഫിലിം സിറ്റിയുടെ തറക്കല്ലിടൽ നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ സിദ്ധരാജു പറഞ്ഞു.
2024-25 ബജറ്റിൽ സംസ്ഥാന സർക്കാർ ഫിലിം സിറ്റിക്കായി ഫണ്ട് നീക്കിവെച്ചിരുന്നു. ജില്ല ഭരണകൂടം, കർണാടക ഇൻഡസ്ട്രിയൽ ഏരിയാസ് ഡെവലപ്മെന്റ് ബോർഡ് (കെ.ഐ.എ.ഡി.ബി), റവന്യൂ വകുപ്പ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവയുടെ ഏകോപിത ശ്രമത്തിന്റെ ഫലമായാണ് 160 ഏക്കർ സ്ഥലം കണ്ടെത്തിയത്. അതിൽ 110 ഏക്കറാണ് ഇപ്പോൾ പദ്ധതി ആരംഭിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന് കൈമാറിയത്.
മൈസൂരു സ്വദേശിയായ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സ്വപ്ന പദ്ധതികൂടിയാണ് മൈസൂരു ഫിലിംസിറ്റി. മുമ്പ് എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കെ പദ്ധതി രാമനഗര ജില്ലയിൽ നടപ്പാക്കാൻ ആലോചിച്ചിരുന്നു. ഫിലിം സിറ്റി കനക്പുര മേഖലയിൽ കൊണ്ടുവരാൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ശ്രമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

