ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കല്‍; നടപടിയുമായി ജി.ബി.എ
text_fieldsബംഗളൂരു: ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളുടെ ഉടമകൾ സ്ഥലങ്ങൾ വൃത്തിയാക്കിയില്ലെങ്കിൽ 25,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്ന് ജി.ബി.എ ചീഫ് കമീഷണർ മഹേശ്വര റാവു മുന്നറിയിപ്പ് നൽകി. ആഗസ്റ്റ് 15 നകം ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കണമെന്ന് അദ്ദേഹം ഉടമകൾക്ക് നിർദ്ദേശം നൽകി.
നിശ്ചിത സമയപരിധിക്കുള്ളിൽ ഉടമകൾ അവരുടെ സൈറ്റുകൾ വൃത്തിയാക്കിയില്ലെങ്കിൽ ബന്ധപ്പെട്ട നഗരസഭ മാലിന്യം നീക്കം ചെയ്യുകയും ചെലവ് വസ്തു ഉടമയിൽനിന്ന് ഈടാക്കുകയും ചെയ്യുമെന്ന് ജി.ബി.എ അറിയിച്ചു. സൈറ്റിന്റെ വലുപ്പവും നീക്കം ചെയ്ത മാലിന്യത്തിന്റെ അളവും അടിസ്ഥാനമാക്കിയായിരിക്കും തുക. ഇത് സ്വത്ത് നികുതിയോടൊപ്പം ഈടാക്കും. പണം അടക്കാത്ത സാഹചര്യത്തിൽ 1964 ലെ കർണാടക ലാൻഡ് റവന്യൂ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് കുടിശ്ശിക ഈടാക്കും.
ആദ്യ ലംഘനത്തിന് 25,000 രൂപ വരെയും തുടർന്നുള്ള ലംഘനങ്ങൾക്ക് 50,000 മുതൽ 1 ലക്ഷം രൂപ വരെയും പിഴ ചുമത്തുമെന്ന് റാവു പറഞ്ഞു. നഗരത്തെ കൂടുതൽ വൃത്തിയുള്ളതും മനോഹരവും വാസയോഗ്യവുമാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രേറ്റർ ബംഗളൂരു അതോറിറ്റി ആഗസ്റ്റിൽ 'മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം' കാമ്പയിൻ ആരംഭിക്കുമെന്ന് മഹേശ്വര റാവു പറഞ്ഞു.
കാമ്പയിന്റെ ഭാഗമായി അഞ്ച് നഗര കോർപറേഷനുകളും ജി.ബി.എയുടെ അധികാരപരിധിയിലുള്ള മറ്റ് ഏജൻസികളും സംയുക്തമായി നഗരത്തിലെ റോഡുകളിലെ കുഴികള്‍, നിർമാണ അവശിഷ്ടങ്ങള്‍, മരക്കൊമ്പുകൾ, വൈദ്യുതി തൂണുകൾ, പൈപ്പുകൾ, മറ്റ് മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

