വീണ്ടും പോരിൽ പങ്കാളിയായി രൂപ ഐ.പി.എസ്
text_fields രൂപ, വർത്തിക
ബംഗളൂരു: കർണാടക ആഭ്യന്തര വകുപ്പിൽ ഉയർന്ന തസ്തികകളിലിരിക്കുന്ന വനിത ഐ.പി.എസ് ഓഫിസർമാർ തമ്മിൽ പോര്. ഐ.ജിക്കെതിരെ പരാതി നൽകിയ ഡി.ഐ.ജിയെ സ്ഥലംമാറ്റി സർക്കാർ ഉത്തരവ്. ആഭ്യന്തര സുരക്ഷവിഭാഗത്തിൽ ഡി.ഐ.ജിയായ വർത്തിക കത്യാറിനെയാണ് സ്ഥലംമാറ്റിയത്. ആഭ്യന്തര സുരക്ഷവിഭാഗം ഐ.ജി.ഡി രൂപയുടെ പേരിൽ വർത്തിക കഴിഞ്ഞമാസം ചീഫ് സെക്രട്ടറി ശാലിനി രജനീഷിന് പരാതി നൽകിയിരുന്നു. രൂപയുടെ നിർദേശപ്രകാരം രണ്ടു പൊലീസുകാർ തന്റെ ഓഫിസിലെത്തി ചില രേഖകളുടെ ഫോട്ടോയെടുത്ത് കൊണ്ടുപോയെന്നായിരുന്നു പരാതിയിൽ പറഞ്ഞത്.
താൻ ഓഫിസിലില്ലാത്ത സമയം പൊലീസ് കൺട്രോൾ റൂമിൽനിന്ന് താക്കോൽ വാങ്ങിക്കൊണ്ടുവന്ന് ഓഫിസ് അനധികൃതമായി തുറന്ന് പൊലീസുകാർ അകത്ത് പ്രവേശിക്കുകയായിരുന്നു. തന്റെപേരിൽ മോശം റിപ്പോർട്ട് മേലുദ്യോഗസ്ഥർക്ക് നൽകുമെന്ന് രൂപ ഭീഷണിപ്പെടുത്തിയതായും വർത്തികയുടെ പരാതിയിൽ ആരോപിച്ചു. ഇതിന്റെ തുടർച്ചയായാണ് വർത്തികയെ സ്ഥലംമാറ്റിയത്. സിവിൽ ഡിഫൻസ് വിഭാഗത്തിൽ ഡി.ഐ.ജിയായാണ് സ്ഥലംമാറ്റം.
രൂപയുടെ പേരിൽ നേരത്തേ അവരുടെ കീഴ്ജീവനക്കാർ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. ഇത് വർത്തികയുടെ നിർദേശപ്രകാരമാണെന്ന് രൂപ കരുതുന്നു.ഇരുവരും തമ്മിലുള്ള പോരുമുറുകാൻ ഇതാണ് കാരണമെന്നാണ് സൂചന. നേരത്തേ വനിത ഐ.എ.എസ് ഓഫിസറായ രോഹിണി സിന്ദൂരിയും ഡി. രൂപയും തമ്മിൽ സമാനമായ പോര് നടന്നിരുന്നു. രോഹിണിയുടെ പേരിൽ രൂപ നൽകിയ മാനനഷ്ടക്കേസ് ഇപ്പോൾ ഹൈകോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

