കുക്കരഹള്ളി തടാക പരിസരത്ത് പക്ഷിമൃഗാദികൾക്ക് തീറ്റ നൽകുന്നത് നിരോധിച്ചു
text_fieldsകുക്കരഹള്ളി തടാകക്കരയിലെ പ്രഭാത ദൃശ്യം
ബംഗളൂരു: മൈസൂരു കുക്കരഹള്ളി തടാകപരിസരത്ത് നായ്ക്കൾക്കും പക്ഷികൾക്കും ജലജീവികൾക്കും ഭക്ഷണം നൽകുന്നത് നിരോധിച്ച് തടാകം സംരക്ഷിക്കുന്ന മൈസൂർ സർവകലാശാലയുടെ തീരുമാനം. ഇതു സംബന്ധിച്ച ബോർഡ് തടാകത്തിന്റെ പ്രവേശന കവാടങ്ങളിൽ സ്ഥാപിച്ചു. അതോടൊപ്പം വളർത്തു മൃഗങ്ങളുമായി തടാകക്കരയിൽ നടക്കാനിറങ്ങുന്നതും തടഞ്ഞിട്ടുണ്ട്. കുക്കരഹള്ളി തടാകത്തിന് ചുറ്റുമുള്ള നടപ്പാതയിൽ തെരുവുനായ്ക്കളുടെ എണ്ണം വർധിക്കുന്നത് സംബന്ധിച്ച പൊതുജനങ്ങളുടെ ആശങ്ക കണക്കിലെടുത്താണ് നടപടി സ്വീകരിച്ചതെന്നാണ് സർവകലാശാലയുടെ വാദം.
അതേസമയം, തീരുമാനത്തിനെതിരെ മൃഗ സ്നേഹികളിൽനിന്ന് വിമർശനമുയർന്നു. മൈസൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. എൻ.കെ. ലോകനാഥിന് പ്രതിഷേധ കത്തുകൾ അയച്ചു. തീരുമാനം പുനഃപരിശോധിക്കണമെന്ന് മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രിയും മൃഗാവകാശ പ്രവർത്തകയുമായ മേനക ഗാന്ധി ആവശ്യപ്പെട്ടു. കുക്കരഹള്ളി തടാകത്തിൽ മൃഗങ്ങൾക്കും പക്ഷികൾക്കും മത്സ്യങ്ങൾക്കും ഭക്ഷണം നൽകുന്നത് നിരോധിക്കാനുള്ള തീരുമാനം മുതിർന്ന പൗരന്മാരുടെ സുരക്ഷയും തടാകത്തിന്റെ പാരിസ്ഥിതിക സംവേദനക്ഷമതയും കണക്കിലെടുത്താണ് എടുത്തതെന്ന് മൈസൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. എൻ.കെ. ലോകനാഥ് പറഞ്ഞു. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നൂറുകണക്കിന് മുതിർന്ന പൗരന്മാർ കുക്കരഹള്ളി തടാകത്തിന്റെ തീരത്തു നടക്കാനെത്തുന്നുണ്ട്. പലപ്പോഴും തെരുവുനായ്ക്കൾ അവർക്ക് ഭീഷണിയാവുന്നതായി പരാതികളുണ്ട്.
ചില സന്ദർഭങ്ങളിൽ, പ്രായമായ വ്യക്തികൾ സ്വയ രക്ഷിക്കായി കല്ലുകളും വടികളും കൊണ്ടുനടക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് അവയുടെ എണ്ണം വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇതിനുപുറമെ, അലഞ്ഞുതിരിയുന്ന നായ്ക്കൾ തടാക പരിസരം വൃത്തിഹീനമാക്കുന്നതും നിരോധനത്തിന് കാരണമായതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

