ഭൂമി തർക്കത്തിൽ അച്ഛനെയും മകനെയും കൊന്ന കേസിൽ അഞ്ചുപേർ അറസ്റ്റിൽ
text_fieldsബംഗളൂരു: ഭൂമി തർക്കത്തെ തുടർന്ന് അച്ഛനെയും മകനെയും തല്ലിക്കൊന്ന കേസിൽ അഞ്ച് പേർ അറസ്റ്റിൽ. സംഭവത്തില്‍ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കൊലപാതകവുമായി ബന്ധപ്പെട്ട് ഗിരിയപ്പ മേട്ടി, രാമപ്പ മേട്ടി, ഹനുമന്ത മേട്ടി, കെഞ്ചപ്പ മേട്ടി എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് സൂപ്രണ്ട് ലക്ഷ്മൺ നിമ്പർഗി പറഞ്ഞു. ഹനുമന്ത സലവഡഗി (65), മകൻ മഞ്ജുനാഥ് സലവഡഗി (38) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റവരെ വിജയപുര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൽഹാർ താലൂക്കിലെ തഡലഗി ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. പാട്ടത്തിനെടുത്ത എട്ട് ഏക്കർ ഭൂമിയെച്ചൊല്ലിയാണ് തർക്കം. ഹനുമാവ്വ മേട്ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കഴിഞ്ഞ മൂന്ന് വർഷമായി ഹനുമന്ത സലവഡഗി കൃഷി ചെയ്തു വരികയായിരുന്നു. ഹനുമാവ്വ മേട്ടി ഭൂമി ഹനുമന്ത സലാവഡഗികൾക്ക് വിൽക്കാൻ തീരുമാനിച്ചു. ബന്ധുക്കൾ നടപടിയെ എതിര്‍ക്കുകയും സ്വത്തില്‍ അവര്‍ക്കും പങ്കുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തു.
വെള്ളിയാഴ്ച ഹനുമന്ത സലവഡഗി കുടുംബത്തിലെ അംഗങ്ങൾ കൃഷി ചെയ്ത കരിമ്പ് വിളവെടുക്കാൻ വന്നപ്പോള്‍ ഗിരിയപ്പ മേട്ടിയുടെ നേതൃത്വത്തിലുള്ള 12 പേരടങ്ങുന്ന സംഘം അവരെ കല്ലുകളും വടികളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

