അൻപുമണിയെ പിതാവ് പുറത്താക്കി; പാട്ടാളി മക്കൾ കക്ഷി പിളർന്നു
text_fieldsചെന്നൈ: മുൻ കേന്ദ്രമന്ത്രി ഡോ. അൻപുമണി രാമദാസിനെ പാട്ടാളി മക്കൾ കക്ഷി(പി.എം.കെ)യിൽ നിന്ന് പിതാവ് ഡോ. എസ്. രാമദാസ് പുറത്താക്കി. സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിലാണ് നടപടിയെന്ന് സ്ഥാപകനേതാവ് കൂടിയായ അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഇതോടെ സംഘടന പിളർന്നു. അതേസമയം പാർട്ടി ജനറൽ ബോഡിയോഗം പ്രസിഡന്റായി തെരഞ്ഞെടുത്ത അൻപുമണിയെ പുറത്താക്കാൻ ഡോ. രാമദാസിന് അധികാരമില്ലെന്ന് അൻപുമണി വിഭാഗം അറിയിച്ചു.
ആഗസ്റ്റ് 17ന് പുതുച്ചേരിയിൽ രാമദാസിന്റെ അധ്യക്ഷതയിൽ നടന്ന പ്രത്യേക പൊതുയോഗ തീരുമാന പ്രകാരം അൻപുമണിക്കെതിരെ അച്ചടക്ക സമിതി 16 കുറ്റങ്ങൾ ചുമത്തി നോട്ടീസ് നൽകിയിരുന്നു. രണ്ടാമതും നോട്ടീസ് അയച്ചുവെങ്കിലും അൻപുമണി വിശദീകരണം നൽകിയില്ല.
കഴിഞ്ഞ വർഷം ഡിസംബറിൽ പാർട്ടി ജനറൽ കൗൺസിലിൽ രാമദാസ് തന്റെ ചെറുമകനായ പി. മുകുന്ദനെ പാർട്ടിയുടെ യുവജന വിഭാഗം പ്രസിഡന്റായി നിയമിച്ചതോടെയാണ് പിതാവും മകനും തെറ്റിയത്. അൻപുമണിയുടെ മൂത്ത സഹോദരി ഗാന്ധിമതിയുടെ മകനാണ് മുകുന്ദൻ. പിന്നീട് അൻപുമണിയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് വർക്കിങ് പ്രസിഡന്റായി തരംതാഴ്ത്തി. ഒരു വർഷമായി രാമദാസും മകൻ അൻപുമണിയും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
