കർഷകർക്ക് ദിവസം ഏഴ് മണിക്കൂർ തുടർച്ചയായി വൈദ്യുതി -മന്ത്രി
text_fieldsജോർജ്ജ്
ബംഗളൂരു: കർഷകർക്ക് ദിവസം ഏഴ് മണിക്കൂർ തുടർച്ചയായി വൈദ്യുതി വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കാർഷിക ഫീഡറുകളുടെ സൗരോർജ്ജവൽക്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സർക്കാർ ത്വരിതപ്പെടുത്തുന്നുണ്ടെന്നും ഊർജ്ജ മന്ത്രി കെ.ജെ. ജോർജ് പറഞ്ഞു. ബംഗളൂരു ക്യൂൻസ് റോഡിലെ കോൺഗ്രസ് ഒഫീസ് സന്ദർശിച്ച് പാർട്ടി നേതാക്കളിൽ നിന്നും പ്രവർത്തകരിൽ നിന്നും നിവേദനം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കുസും-സി പദ്ധതി പ്രകാരം കാർഷിക മേഖലക്ക് വൈദ്യുതി വിതരണം ചെയ്യുന്ന സബ്സ്റ്റേഷനുകൾ സോളാറൈസ് ചെയ്ത് കർഷകർക്ക് പകൽ സമയത്ത് വൈദ്യുതി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണ്. 2,500 മെഗാവാട്ട് സൗരോർജ്ജം ഉത്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം.കുസും-ബി പദ്ധതി പ്രകാരം 80 ശതമാനം വരെ സബ്സിഡിയോടെ സോളാർ പമ്പ് സെറ്റുകൾ സംസ്ഥാനം നൽകുന്നുണ്ട്. ഇത് രാജ്യത്തെ ഉയർന്ന നിരക്കാണ്. കാർഷിക മേഖലക്കുള്ള ഊർജ്ജ വകുപ്പിന്റെ പ്രധാന സംരംഭമാണിത്. ഗൃഹജ്യോതി പദ്ധതി പ്രകാരം, ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്നു. സംസ്ഥാനത്തുടനീളമുള്ള ഏകദേശം 1.65 കോടി കുടുംബങ്ങൾ ഇതിന്റെ ഗുണഭോക്താക്കളാണ്. കർഷകരുടെ അഭിവൃദ്ധി മെച്ചപ്പെടുത്തുന്നതിന് ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ വകുപ്പ് പ്രവർത്തിക്കുന്നു.
കാർഷിക വൈദ്യുതി വിതരണത്തിൽ സൗരോർജ്ജം സംയോജിപ്പിക്കുന്നതിലൂടെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളിലുള്ള സമ്മർദ്ദം കുറക്കുകയും വൈദ്യുതി മോഷണം തടയുകയും ചെയ്യുന്നുണ്ട്. സർക്കാരിന്റെ ഗ്യാരണ്ടി പദ്ധതികൾ ജനങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഗ്യാരണ്ടി പദ്ധതികൾക്കായി സർക്കാർ 55,000 കോടി രൂപ അനുവദിച്ചു. ഇതിലൂടെ കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നു.
പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ കർണാടക രാജ്യത്ത് ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. അതേസമയം, സംസ്ഥാനം ഏകദേശം നാല് ലക്ഷം കോടി രൂപ നികുതി സംഭാവന ചെയ്യുന്നുണ്ടെങ്കിലും കേന്ദ്രത്തിൽ നിന്ന് ഏകദേശം 60,000 കോടി രൂപ മാത്രമേ ലഭിക്കുന്നുള്ളൂ. സംസ്ഥാനത്തിന്റെ വികസനത്തിന് കേന്ദ്രസർക്കാർ തടസ്സം സൃഷ്ടിക്കുകയാണ് -മന്ത്രി പറഞ്ഞു.
ബംഗളൂരു നോർത്ത് ഡിവിഷൻ പ്രസിഡന്റ് വാജിദ്, സെൻട്രൽ ഡിവിഷൻ പ്രസിഡന്റ് നന്ദകുമാർ, കെ.പി.സി.സി മീഡിയ സെക്രട്ടറി ദീപക് തിമ്മയ്യ, എസ്. മനോഹർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

