മുതലയുമായി കർഷകർ ജലസേചന ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചു
text_fieldsകൃഷിയിടത്തിൽനിന്ന് പിടികൂടിയ മുതലയുമായി കർഷകർ
കലബുറഗിയിൽ വൈദ്യുതി ഓഫിസിന് മുന്നിലെത്തിയപ്പോൾ
ബംഗളൂരു: കൃഷിയിടത്തിൽനിന്ന് പിടികൂടിയ മുതലയെ കെട്ടിവരിഞ്ഞ് കർഷകർ കലബുറഗിയിൽ വൈദ്യുതി ഓഫിസിന് മുന്നിലെത്തി പ്രതിഷേധിച്ചു. ജലസേചന പമ്പ് സെറ്റുകളുടെ വൈദ്യുതി വിതരണ സമയത്ത് മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. രാത്രി സമയങ്ങളിൽ വയലുകളിൽ ജോലി ചെയ്യുമ്പോൾ നേരിടുന്ന അപകടങ്ങൾ ബോധ്യപ്പെടുത്താനാണ് അഫ്സൽപുർ താലൂക്കിലെ ഗൊബ്ബൂർ ഗ്രാമത്തിലെ കൃഷിയിടത്തിൽനിന്ന് പിടികൂടിയ മുതലയുമായി കർഷകർ എത്തിയത്.
വിളകൾ നനക്കുന്നതിനിടയിൽ ലക്ഷ്മൺ പൂജാരി എന്ന കർഷകനാണ് മുതലയെ കണ്ടത്. ഉടൻ മറ്റു കർഷകരെ അറിയിച്ചു. എല്ലാവരും ചേർന്ന് മുതലയെ പിടികൂടി, കയർകൊണ്ട് കെട്ടി, ഒരു കാളവണ്ടിയിൽ ഗെസ്കോം ഓഫിസിലേക്ക് കൊണ്ടുപോയി. രാത്രിയിൽ ജോലി ചെയ്യാൻ നിർബന്ധിതരായതിനാൽ മുതലകളും പാമ്പുകളും തങ്ങളെ ആക്രമിക്കുന്നുണ്ടെന്ന് കർഷകർ ആശങ്ക പ്രകടിപ്പിച്ചു. ഗെസ്കോം ത്രീ-ഫേസിൽ രാത്രിയാണ് കർഷകർക്ക് വൈദ്യുതി വിതരണം ചെയ്യുന്നത്. രാവിലെ ആറു മുതൽ വൈദ്യുതി വിതരണം ചെയ്യണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ദേവാല ഗണാഗാപൂർ സ്റ്റേഷനിലെ എസ്.ഐ രാഹുൽ പവാഡെ ഇടപെട്ട് മുതലയെ വനം അധികൃതർക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

