ബിഡദി ടൗൺഷിപ്പിനെതിരെ കർഷക പ്രതിഷേധം; കർഷകർക്ക് പിന്തുണയുമായി ബി.ജെ.പി
text_fieldsബിഡദി ടൗൺഷിപ് പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കർഷകർ നടത്തിയ മാർച്ച്
ബംഗളൂരു: ബിഡദി ടൗൺഷിപ് പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധവുമായി കർഷകർ രംഗത്ത്. രാമനഗര ബിഡദി ഹോബ്ലിയിലെ ഒമ്പത് ഗ്രാമങ്ങളിൽനിന്നുള്ള കർഷകരാണ് വെള്ളിയാഴ്ച ബസവപുര ഗ്രാമത്തിൽനിന്ന് രാമനഗരയിലെ ഡെപ്യൂട്ടി കമീഷണറുടെ ഓഫിസിലേക്ക് മാർച്ച് നടത്തിയത്. സമരക്കാർക്ക് പിന്തുണയുമായി ബി.ജെ.പി രംഗത്തെത്തി. മുൻ എം.എൽ.എ എ. മഞ്ജുനാഥ്, പ്രതിപക്ഷ നേതാവ് ആർ. അശോക എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. ബിഡദി ടൗൺഷിപ് പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ബംഗളൂരു റൂറൽ എം.പി ഡോ. സി.എൻ. മഞ്ജുനാഥ്, മുൻ എം.എൽ.എ അശ്വത് നാരായണ ഗൗഡ തുടങ്ങിയവർ പങ്കെടുത്തു.
9600 ഏക്കർ ഭൂമി ബിഡദി മേഖലയിൽ ഏറ്റെടുക്കാനാണ് സർക്കാർ നീക്കം. പദ്ധതിയെ എതിർത്ത് താനും ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയും മുഖ്യമന്ത്രിക്ക് കത്തുകൾ എഴുതിയതായി ഡോ. മഞ്ജുനാഥ് എം.പി പറഞ്ഞു. പട്ടുനൂൽ കൊക്കൂൺ കൃഷിയിൽ മുൻപന്തിയിൽ നിൽക്കുന്ന രാമനഗരയുടെ കാർഷിക ഭൂമി ഏറ്റെടുക്കുന്ന പദ്ധതി വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. കർഷകരാണ് രാജ്യത്തിന്റെ നട്ടെല്ല്. അവർ പദ്ധതിയെ എതിർക്കുമ്പോൾ എന്തിനാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ബംഗളൂരുവിൽ സ്ഥലങ്ങളും അപ്പാർട്മെന്റുകളും വ്യവസായ പാർക്കുകളും ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. ബിഡദിയിലെയും ഹരോഹള്ളിയിലെയും വ്യവസായ പാർക്കുകളും ഒഴിഞ്ഞുകിടക്കുന്നു. ആർക്കും പ്രയോജനം ലഭിക്കാത്ത ഈ ടൗൺഷിപ് പദ്ധതി സർക്കാർ ഉപേക്ഷിക്കണം -എം.പി ആവശ്യപ്പെട്ടു. ജെ.ഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പദ്ധതി നിർദേശിച്ചതെന്ന ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വാദത്തെക്കുറിച്ച ചോദ്യത്തിന്, കർഷകർ എതിർത്തതിനെത്തുടർന്ന് അത് ഉപേക്ഷിച്ചതായി ഡോ. മഞ്ജുനാഥ് പറഞ്ഞു.
ഇപ്പോൾ കർഷകർ ഭൂമി വിട്ടുകൊടുത്താൽ അവരുടെ വരും തലമുറകൾ സുരക്ഷാ ഗാർഡുകളായി പ്രവർത്തിക്കേണ്ടിവരും. ആദ്യം, ബംഗളൂരുവിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ അവർ നികത്തട്ടെ. എന്നിട്ടു മതി രാമനഗരയിലെ കർഷക ഭൂമി നികത്തൽ -അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് സർക്കാർ റിയൽ എസ്റ്റേറ്റ് സർക്കാറാണെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക കുറ്റപ്പെടുത്തി. ബിഡദിയിൽ ഏകദേശം 3000 ഏക്കർ ഭൂമിയുണ്ട്, 1000 കോടി രൂപ വരുമാനം ലഭിക്കുന്നതിനാൽ ഭൂമി പിടിച്ചെടുക്കാനുള്ള ശ്രമമാണിത്. ടൗൺഷിപ് പദ്ധതിയെ എതിർക്കാൻ കർഷകർ വിധാൻസൗധയിലേക്ക് മാർച്ച് നടത്തണമെന്നും ബംഗളൂരുവിൽ പ്രതിഷേധം നടത്തണമെന്നും അദ്ദേഹം കർഷകരോട് ആഹ്വാനംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

