കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു
text_fieldsപുട്ടയ്യ
ബംഗളൂരു: ഹാസൻ ആലൂരിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. അഡിബൈലു വില്ലേജ് സ്വദേശി പുട്ടയ്യയാണ് (78) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. സാധനങ്ങൾ വാങ്ങാൻ മഗ്ഗെ വില്ലേജിൽ പോയി കനിശവ ബസവനഹള്ളി വഴി ഗ്രാമത്തിലേക്ക് നടന്നുപോകവെ, പുട്ടയ്യ കാട്ടാനക്ക് മുന്നിൽ പെടുകയായിരുന്നു. രക്ഷപ്പെടാനായി സമീപത്തെ കാപ്പിത്തോട്ടത്തിലേക്ക് ഓടിക്കയറിയെങ്കിലും കാട്ടാന പിന്തുടർന്ന് ആക്രമിച്ചു. ഗുരുതര പരിക്കേറ്റ കർഷകൻ സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടു.
സംഭവസ്ഥലത്തുനിന്ന് മടങ്ങിയ കാട്ടാന രംഗനാഥ സ്വാമി ക്ഷേത്രത്തിന് സമീപം സ്കൂട്ടർ യാത്രികനെയും ആക്രമിക്കാൻ ശ്രമിച്ചു. പുട്ടയ്യ വീട്ടിൽ മടങ്ങിയെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് ബുധനാഴ്ച രാവിലെ കാപ്പിത്തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്. ആലൂരിൽനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മേൽ നടപടി സ്വീകരിച്ചു. സംഭവത്തെ തുടർന്ന് നാട്ടുകാർ ഭീതിയിലാണ്. കാട്ടാനയുടെ ആക്രമണം തടയാൻ വനംവകുപ്പ് സംവിധാനമൊരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇതുവരെ മേഖലയിൽ 80 പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി നാട്ടുകാർ ചൂണ്ടിക്കാട്ടി.
കാട്ടാന നാട്ടിലിറങ്ങിയാൽ വനംവകുപ്പ് ജീവനക്കാർ സമീപ ഗ്രാമവാസികളെ വിവരമറിയിക്കാറില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. ഹാസൻ എം.പി ശ്രേയസ് എം. പട്ടേൽ, എം.എൽ.എ മഞ്ജുനാഥ് എന്നിവർ മരണപ്പെട്ട പുട്ടയ്യയുടെ കുടുംബത്തെ സന്ദർശിച്ചു. നഷ്ടപരിഹാരമായി 15 ലക്ഷം രൂപ കുടുംബത്തിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

