കൊല്ലൂർ സൗപർണിക നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ
text_fieldsമംഗളൂരു: പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ വസുധ ചക്രവർത്തിയെ (45) ഞായറാഴ്ച കൊല്ലൂർ സൗപർണിക നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സംരക്ഷണ, ഫോട്ടോഗ്രാഫി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. വസുധ ചക്രവർത്തി ഇടതൂർന്ന വനങ്ങൾ മുതൽ ദുർബലമായ തണ്ണീർത്തടങ്ങൾ വരെയുള്ള ഇന്ത്യയുടെ വൈവിധ്യമാർന്ന ആവാസവ്യവസ്ഥയെ പ്രദർശിപ്പിച്ച ഉജ്വലമായ ചിത്രങ്ങളിലൂടെ പ്രശസ്തയാണ്.
വസുധയുടെ ചിത്രങ്ങൾ വന്യജീവികളുടെ ഭംഗി പകർത്തുക മാത്രമല്ല, അടിയന്തര സംരക്ഷണ വെല്ലുവിളികളെ പൊതുജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു. അടുത്തിടെ വസുധ നദീതീര ജൈവവൈവിധ്യകാമറയിൽ പകർത്തിവരികയായിരുന്നു. ഇതിനെറ ഭാഗമായാണ് അവർ കൊല്ലൂരിലെത്തിയത്. വിയോഗ വാർത്ത പുറത്തുവന്നയുടനെ ആദരാഞ്ജലികളുമായി പലരും അവരുടെ പ്രശസ്തമായ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.
കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്ര പരിസരത്ത് നിന്ന് ആഗസ്റ്റ് 27 ന് വസുധ ചക്രവർത്തി അപ്രത്യക്ഷയാവുകയായിരുന്നു. ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ബംഗളൂരു ത്യാഗരാജനഗറിലായിരുന്നു വസുധ താമസിച്ചിരുന്നത്. മാതാവ് വിമല ആഗസ്റ്റ് 29 ന് കൊല്ലൂരിലെത്തി ക്ഷേത്ര ജീവനക്കാരോട് അന്വേഷിച്ചു. വസുധ ക്ഷേത്രപരിസരത്ത് അസ്വസ്ഥയായി പെരുമാറിയിരുന്നതായും പിന്നീട് പെട്ടെന്ന് റോഡിലേക്ക് ഓടിപ്പോയതായും അവർ അറിയിച്ചു.
ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും തുടക്കത്തിൽ ഒരു വിവരവും ലഭിച്ചില്ല, കൊല്ലൂർ പൊലീസ് കാണാതായതായി കേസ് രജിസ്റ്റർ ചെയ്തു . പിന്നീട്, വസുധ സൗപർണിക നദിയിൽ മുങ്ങിയതായി സംശയമുയർന്നു. നാട്ടുകാരും ബൈന്ദൂർ ഫയർ ആൻഡ് എമർജൻസി സർവിസസ് ജീവനക്കാരും ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള രക്ഷാസംഘവും ചേർന്ന് തിരച്ചിൽ നടത്തി.
നദിയിൽ ഇറങ്ങിയതായി പറയപ്പെടുന്ന സ്ഥലത്തുനിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ താഴെയായി തിരച്ചിൽ സംഘം മൃതദേഹം കണ്ടെടുത്തു. മൃതദേഹം ഇടതൂർന്ന വനപ്രദേശങ്ങളിലൂടെ ഒഴുകിപ്പോയി സമതലങ്ങളിൽ ഉയർന്നുവന്നിരുന്നു. പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

