മൈസൂരുവിൽ നാലംഗ കുടുംബം മരിച്ചനിലയിൽ
text_fieldsമരിച്ച നിലയിൽ കണ്ടെത്തിയ കുടുംബം
ബംഗളൂരു: മൈസൂരു നഗരത്തിൽ വിശ്വേശ്വരയ്യ നഗറിലെ അപ്പാർട്മെന്റിൽ കുടുംബത്തിലെ നാലുപേരെ സംശയാസ്പദ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ലേബർ കോൺട്രാക്ടർ ചേതൻ (45), ഭാര്യ രൂപാലി (43), മകൻ കുശാൽ(15), ചേതന്റെ മാതാവ് പ്രിയംവദ(62) എന്നിവരാണ് മരിച്ചത്. തൂങ്ങിമരിക്കും മുമ്പ് ചേതൻ മറ്റു മൂന്നുപേർക്കും വിഷം നൽകിയതായാണ് പ്രാഥമിക നിഗമനമെന്ന് മൈസൂരു സിറ്റി പൊലീസ് കമീഷണർ സീമ ലട്കർ പറഞ്ഞു. സംഭവത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അവർ അറിയിച്ചു.
വേർപിരിഞ്ഞ് താമസിക്കുകയായിരുന്ന പ്രിയംവദ ഒരു ഫ്ലാറ്റിലും ബാക്കിയുള്ളവർ അതേ അപ്പാർട്മെന്റ് സമുച്ചയത്തിലെ മറ്റൊരു ഫ്ലാറ്റിലുമാണ് മരിച്ചു കിടന്നത്. കുടുംബനാഥനായ ചേതൻ അമേരിക്കയിൽ താമസിക്കുന്ന സഹോദരൻ ഭാരതിന് കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചുകൊണ്ട് ഫോൺ ചെയ്തിരുന്നു. ഉടൻതന്നെ ഭരത് രൂപാലിയുടെ മാതാപിതാക്കളെ വിളിച്ച് ചേതന്റെ അപ്പാർട്മെന്റിലെത്താൻ ആവശ്യപ്പെട്ടതായി പൊലീസ് കമീഷണർ പറഞ്ഞു. അവർ ഫ്ലാറ്റിലേക്ക് ഓടിയെത്തിയപ്പോഴേക്കും സംഭവം നടന്നിരുന്നു.
രാവിലെ ആറിന് അവർ പൊലീസിനെ വിളിച്ചു. തുടർന്ന് വിദ്യാരണ്യപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ചേതൻ മിഡിൽ ഈസ്റ്റിലേക്ക് തൊഴിലാളികളെ അയക്കുന്ന ജോലിയിലായിന്നെന്നും സാമ്പത്തിക പ്രശ്നങ്ങൾ കാരണം അയാൾ കടുത്ത പ്രയാസത്തിലായിരുന്നെന്നും സൂചനയുണ്ടെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഈ കടുംകൈയെന്നും കുടുംബാംഗങ്ങളുടെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ചേതൻ എഴുതിയ മരണക്കുറിപ്പ് ഫ്ലാറ്റിൽനിന്ന് പൊലീസ് കണ്ടെടുത്തു.മരണക്കുറിപ്പിൽ, അവരുടെ മരണത്തിൽ മറ്റു കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് ബുദ്ധിമുട്ടിക്കരുതെന്ന് പറയുന്നു. പുലർച്ച നാലിനാണ് ചേതൻ സഹോദരൻ ഭാരതിനെ വിളിച്ചതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

