ഫാക്ടറി മാലിന്യങ്ങൾ നിറഞ്ഞ് ഫാൽഗുനി നദി; മീനുകൾ ചത്തുപൊന്തി ദുർഗന്ധം
text_fieldsമുനീർ കാട്ടിപ്പള്ള നദിക്കരയിൽ
മംഗളൂരു: ഫാൽഗുനി നദിയിലേക്ക് കുളൂരിലെ റായിക്കട്ടെ പ്രദേശത്തിനടുത്ത് ഫാക്ടറികളിലെ മലിനജലം ഒഴുകിയെത്തി വിഷമയമാവുന്നതായി പരാതി. നീരൊഴുക്ക് കുറഞ്ഞതോടെ പലതരം മീനുകൾ ചത്തുപൊന്തി പരിസരമാകെ ദുർഗന്ധം പരത്തുന്നു.
നദിയിലേക്ക് ഒഴുകുന്ന അരുവികളിൽ ഒന്നിന്റെ ഒഴുക്ക് നിലച്ച് മീനുകൾ അഴുകിയ നിലയിലാണ്. ഇത് ഗുരുതരമായ പാരിസ്ഥിതിക ആശങ്ക ഉയർത്തുന്നു.
ആഴ്ചയിലേറെയായി ഈ അവസ്ഥ നിലനിൽക്കുന്നുണ്ടെങ്കിലും ജില്ല ഭരണകൂടം പരിഹാര നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. വർഷങ്ങളായി ഈ പ്രദേശത്തെ വ്യവസായ ശാലകൾ അനധികൃതമായി മാലിന്യങ്ങൾ ഫാൽഗുനി നദിയിൽ ലയിക്കുന്ന നിരവധി അരുവികളിലേക്ക് ഒഴുക്കിവിടുന്നുണ്ടെന്ന് പ്രദേശവാസികൾ ആരോപിച്ചു. ആവർത്തിച്ചുള്ള പ്രതിഷേധങ്ങളും പരാതികളും ഉണ്ടായിട്ടും അധികാരികൾ ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
നദിയുടെ ആവാസവ്യവസ്ഥക്കും പൊതുജനാരോഗ്യത്തിനും ഗുരുതരമായ ഭീഷണി ഉയർത്തുന്ന സ്ഥിതിവിശേഷം ഇപ്പോൾ ആശങ്കജനകമായ നിലയിലെത്തിയിട്ടുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകനും സി.പി.എം ദക്ഷിണ കന്നട ജില്ല സെക്രട്ടറിയുമായ മുനീർ കാട്ടിപ്പള്ള മാധ്യമങ്ങളോട് പറഞ്ഞു. അടിയന്തര അന്വേഷണം നടത്തി മലിനീകരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

