മായം ചേർത്ത ‘നന്ദിനി’ നെയ്യ് വിൽപന; ശൃംഖല ബംഗളൂരു പൊലീസ് പിടികൂടി
text_fieldsബംഗളൂരു: തമിഴ്നാട്ടിൽ നിർമിച്ച മായം ചേർത്ത നെയ്യ് വ്യാജ ‘നന്ദിനി’ പാക്കറ്റുകളിൽ അംഗീകൃത ഏജൻസികൾ മുഖേന വിൽക്കുന്ന വലിയ ശൃംഖലയെ ബംഗളൂരു പൊലീസ് പിടികൂടി. ചാമരാജ്പേട്ടയിലെ നഞ്ചംബ അഗ്രഹാരയിലുള്ള കൃഷ്ണ എന്റർപ്രൈസസ് ഉടമയുൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തു.
വ്യാജ നന്ദിനി ബ്രാൻഡ് സഞ്ചികളിലും പ്ലാസ്റ്റിക് കുപ്പികളിലും നിറച്ച് ബംഗളൂരുവിലുടനീളം വിറ്റഴിച്ച സംഘത്തിൽ പെട്ടവരാണിവർ. 8136 ലിറ്റർ മായം ചേർത്ത നെയ്യ്, തേങ്ങ, പാം ഓയിൽ, 1.19 ലക്ഷം രൂപ, ഗതാഗതത്തിന് ഉപയോഗിച്ച നാലു ചരക്കുവാഹനങ്ങൾ, നിർമാണ യന്ത്രങ്ങൾ, മറ്റ് അനുബന്ധ വസ്തുക്കൾ എന്നിവ പിടിച്ചെടുത്തു. ഇവയുടെ ആകെ മൂല്യം ഏകദേശം 1.27 കോടി രൂപയാണെന്ന് ബംഗളൂരു പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറഞ്ഞു.
കർണാടകയിൽ നന്ദിനി നെയ്യിനുള്ള ഉയർന്ന ആവശ്യം മനസ്സിലാക്കി പ്രതികൾ തമിഴ്നാട്ടിൽ മായം ചേർത്ത നെയ്യ് തയാറാക്കി ഔദ്യോഗിക കെ.എം.എഫ് ലൈസൻസുകൾ കൈവശമുള്ള ബംഗളൂരു ആസ്ഥാനമായുള്ള പ്രതികൾക്ക് വിതരണം ചെയ്തുവരുകയായിരുന്നു. ഈ പ്രതികൾ നഗരത്തിലുടനീളമുള്ള വിവിധ മൊത്ത, ചില്ലറ വിൽപന കടകളിലേക്കും നന്ദിനി പാർലറുകളിലേക്കും മായം ചേർത്ത നെയ്യ് വിതരണം ചെയ്ത് യഥാർഥ വിപണി വിലക്ക് വ്യാജമായി പ്രചരിപ്പിക്കുകയായിരുന്നു.
‘സി.സി.ബി (സെൻട്രൽ ക്രൈംബ്രാഞ്ച്) സ്പെഷൽ ഇൻവെസ്റ്റിഗേഷൻ സ്ക്വാഡും കെ.എം.എഫും (കർണാടക മിൽക്ക് ഫെഡറേഷൻ) വിജിലൻസ് വിങ് ഓഫിസർമാർ രഹസ്യമായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യാജ നെയ്യ് പിടികൂടിയത്.
സി.സി.ബി സ്പെഷൽ ഇൻവെസ്റ്റിഗേഷൻ സ്ക്വാഡിന്റെയും കെ.എം.എഫ് വിജിലൻസ് വിങ്ങിന്റെയും സംയുക്ത സംഘം ചാമരാജ്പേട്ടയിലെ നഞ്ചംബ അഗ്രഹാരയിലുള്ള കൃഷ്ണ എന്റർപ്രൈസസിന്റെ പ്രധാന പ്രതികളുടെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള ഗോഡൗണുകൾ, കടകൾ, ചരക്ക് വാഹനങ്ങൾ എന്നിവയിൽ റെയ്ഡ് നടത്തി. റെയ്ഡിനിടെ ഒരു വാഹനം പിടിച്ചെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

