സ്കൂളുകൾക്ക് വ്യാജ ഇൻഷുറൻസ് പോളിസി തട്ടിപ്പ്: രണ്ടുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായവർ
മംഗളൂരു: ഉഡുപ്പിയിലും പരിസരപ്രദേശങ്ങളിലുമുള്ള ഒന്നിലധികം സ്കൂളുകൾക്ക് വ്യാജ ഇൻഷുറൻസ് പോളിസികൾ നൽകി തട്ടിപ്പ്. കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ഉഡുപ്പി പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബ്രഹ്മാവർ സ്വദേശി എസ്. രാകേഷ് (33), സിർസി സ്വദേശി ചരൺ ബാബു മേസ്ത(38) എന്നിവർ മുമ്പ് ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്തിരുന്നവരാണ്.
ഇതിന്റെ പേരിൽ സ്കൂൾ ബസുകൾക്ക് ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്ത് നിരവധി സ്കൂളുകൾ പോളിസി സ്വീകരിച്ചു. കുന്താപൂരിൽ സ്കൂൾ ബസ് ഓട്ടോറിക്ഷയിൽ ഇടിച്ചതിനെ തുടർന്ന് സ്കൂൾ അധികൃതർ ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്തപ്പോഴാണ് സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. രാകേഷ് ഏകദേശം 20 വ്യാജ പോളിസികൾ നൽകിയപ്പോൾ ചരൺ 17 എണ്ണം നൽകി.
ഇതുവരെ 46 വ്യാജ പോളിസികൾ കണ്ടെത്തി. ഏകദേശം ഒന്നരകോടി രൂപയുടെ തട്ടിപ്പാണിത്. അഞ്ചിലധികം സ്കൂളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പോളിസി പുതുക്കുന്നതിനോ ക്ലെയിം സമർപ്പിക്കുന്നതിനോ മുമ്പ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അതത് ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ട് അവരുടെ പോളിസി നമ്പറുകൾ പരിശോധിക്കണമെന്ന് എസ്.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

