അഞ്ച് കോടി വിലമതിക്കുന്ന വ്യാജ മയക്കുമരുന്ന് പിടികൂടി
text_fieldsയു.ടി. ഖാദർ വാര്‍ത്തസമ്മേളനത്തില്‍
ബംഗളൂരു: രാമനഗര ജില്ലയിലെ ബിഡദിയിലെ കുറുബറകേരനഹള്ളിയിലെ ഫാംഹൗസിൽ നിന്നും അഞ്ച് കോടിയിലധികം രൂപ വിലമതിക്കുന്ന വ്യാജ മയക്കുമരുന്ന് പിടികൂടി. ആഗസ്റ്റ് 18 ന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് എഫ്.ഡി.എയുടെ ഡ്രഗ് എൻഫോഴ്‌സ്‌മെന്‍റ് വിഭാഗം നടത്തിയ പരിശോധനയിലാണ് കേന്ദ്രം കണ്ടെത്തിയത്. തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങി രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന വ്യാജ മരുന്ന് നിർമാണ യൂനിറ്റുകളുമായി ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വിലകുറഞ്ഞ മരുന്നുകൾ കൊണ്ടുവന്ന് പുതിയ കുപ്പികളിൽ നിറക്കുകയും വ്യാജ മരുന്നുകൾ പ്രശസ്ത ബഹുരാഷ്ട്ര ഔഷധ കമ്പനികളുടെ ലേബലുകൾ ഒട്ടിച്ചു വീണ്ടും പാക്ക് ചെയ്തു ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അനധികൃത നിർമാണ യൂനിറ്റുകളിൽനിന്ന് മരുന്നുകൾ ശേഖരിച്ച് വീണ്ടും പാക്ക് ചെയ്ത് പ്രമുഖ ഔഷധ കമ്പനികളുടെ പേരിൽ വിൽക്കുന്ന റാക്കറ്റാണ് ഇവിടെ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ നിന്നും വ്യക്തമായതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇവിടെ പ്രവര്‍ത്തിച്ചിരുന്നത് മയക്കുമരുന്ന് മാഫിയയാണെന്നും വ്യാജ മരുന്നുകൾ ആശുപത്രികൾക്ക് വിപണി വിലയേക്കാൾ 50 ശതമാനം കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നുണ്ടെന്നും പിടിച്ചെടുത്ത മരുന്നുകളിൽ ചിലത് തീവ്രപരിചരണ വിഭാഗങ്ങളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നതാണ് ഏറ്റവും ആശങ്കജനകമെന്നും കർണാടക ആരോഗ്യമന്ത്രി യു.ടി. ഖാദർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രഭുദേവ് എന്നയാളെ അറസ്റ്റ് ചെയ്തു.
പിടിച്ചെടുത്ത മരുന്നുകളുടെ സാമ്പ്ളുകൾ രാസ പരിശോധനക്കായി സർക്കാർ ലാബിലേക്ക് അയച്ചു. മരുന്നുകളുടെ വിൽപ്പനയും വിതരണവും തടയാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് തവരേക്കരെ പൊലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കും.
രാമനഗര പൊലീസ് സൂപ്രണ്ട് ആർ.ശ്രീനിവാസ് ഗൗഡ കേസിന്‍റെ അന്വേഷണ ചുമതല ഏറ്റെടുത്തു. ബിഡദി യൂനിറ്റിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്തവരും അവ വാങ്ങിയിരിക്കാൻ സാധ്യതയുള്ളവരും ഉൾപ്പെടെ മുഴുവൻ വിതരണ ശൃംഖലയും അധികൃതർ നിരീക്ഷിച്ചു വരികയാണ്. ഈ റാക്കറ്റ് കർണാടകക്ക് പുറത്തേക്ക് വ്യാപിച്ചേക്കാമെന്നും ഇത് ഇന്ത്യയിലുടനീളം വ്യാപിച്ച ഒരു വലിയ വ്യാജ മരുന്ന് ശൃംഖലയാവാന്‍ സാധ്യതയുണ്ടെന്നും മന്ത്രി വാര്‍ത്തസമ്മേളനത്തില്‍ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

