സ്വകാര്യ ക്ലിനിക് നടത്തുന്ന വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
text_fieldsബംഗളൂരു: ഹെഗ്ഗനഹള്ളിയില്‍ 'സഹന പോളി ക്ലിനിക്ക്' നടത്തിവന്ന വ്യാജ ഡോക്ടര്‍ പിടിയിൽ. നാഗരാജ് സാവന്നൂരിനെയാണ് (55) രാജഗോപാല്‍ നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സമീപവാസിയായ യുവതി ചികിത്സപ്പിഴവ് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. വര്‍ഷങ്ങളായി ഈ ക്ലിനിക്ക് പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
കഴിഞ്ഞമാസം 25ന് വസ്ത്രനിര്‍മാണ സ്ഥാപനത്തിലെ ജീവനക്കാരി പനി ബാധിച്ചതിനെത്തുടര്‍ന്ന് ഇവിടെ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് നാഗരാജ് യുവതിക്ക് കുത്തിവെപ്പെടുത്തു. എന്നാല്‍ വീട്ടിലെത്തിയ യുവതിക്ക് രോഗം മൂര്‍ച്ഛിച്ചതോടെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടന്ന പരിശോധനയിൽ നേരത്തേ മരുന്നു മാറി കുത്തിവെച്ചുവെന്ന് വ്യക്തമായി. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്കി. ഇതിനിടെ പണം നല്കി കേസ് ഒതുക്കാന്‍ നാഗരാജ് ശ്രമിച്ചു. പൊലീസ് ക്ലിനിക്കില്‍ നടത്തിയ പരിശോധനയില്‍ നാഗരാജിന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിഞ്ഞില്ല.

