വ്യാജ സർട്ടിഫിക്കറ്റ് നിർമാണ സംഘം വലയിൽ
text_fieldsബംഗളൂരു: നഗരത്തിലെ വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റിനെ സെൻട്രൽ ക്രൈം ബ്രാഞ്ച് സി.സി.ബി പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. ടെക് സ്ഥാപനത്തിന്റെ മറവിലാണ് ഇയാൾ മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റുകളും നിർമിച്ചുനൽകിയിരുന്നത്. അഞ്ചിടങ്ങളിൽ ഒരേസമയം നടന്ന റെയ്ഡിൽ 6,800 വ്യാജ മാർക്ക് ഷീറ്റുകൾ, 22 ലാപ്ടോപ്പുകൾ, 13 മൊബൈൽ ഫോണുകൾ എന്നിവ പിടികൂടി.
സിസ്റ്റംസ് ക്വസ്റ്റ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ വികാസ് ഭഗത് (52) ആണ് പിടിയിലായത്. 2004 ഡിസംബർ ഒമ്പതിനാണ് കമ്പ്യൂട്ടർ സംബന്ധമായ സർവിസ് കമ്പനിയായി ഈ സ്ഥാപനം രജിസ്റ്റർ ചെയ്തത്. ഇതിന്റെ മറവിലായിരുന്നു റാക്കറ്റ് നടത്തിയിരുന്നത്.
വൻതുക ഈടാക്കി വിദ്യാർഥികൾക്ക് വിവിധ സർവകലാശാലകളുടെ വ്യാജ മാർക്ക് ഷീറ്റുകൾ നിർമിച്ചുകൊടുക്കുകയായിരുന്നു ഇവരുടെ രീതി. ബിരുദത്തിന്റെയും ബിരുദാനന്തരബിരുദത്തിന്റെയും സർട്ടിഫിക്കറ്റുകളാണ് നിർമിച്ചുനൽകിയിരുന്നത്.
25,000 മുതൽ 30,000 രൂപവരെയാണ് ഭഗത് വിദ്യാർഥികളിൽനിന്ന് ഈടാക്കിയിരുന്നത്. സിക്കിം യൂനിവേഴ്സിറ്റിയുടെ പേരിലുള്ള 5,497 മാർക്ക് കാർഡുകൾ ഇയാളിൽനിന്ന് കണ്ടെടുത്തു.
അണ്ണാമലൈ യൂനിവേഴ്സിറ്റി, ഗിതം യൂനിവേഴ്സിറ്റി, ബി.എസ്.ഐ.ടി യൂനിവേഴ്സിറ്റി, കുവെംബു യൂനിവേഴ്സിറ്റി, മംഗളൂരു യൂനിവേഴ്സിറ്റി, ബംഗളൂരു യൂനിവേഴ്സിറ്റി, കെ.എസ്.എസ്.എൽ യൂനിവേഴ്സിറ്റി തുടങ്ങിയവയുടെ വ്യാജ മാർക്ക് ലിസ്റ്റുകളും സർട്ടിഫിക്കറ്റുകളുമാണ് സംഘം നിർമിച്ചുനൽകിയിരുന്നതെന്ന് പൊലീസ് കമീഷണർ പ്രതാപ് റെഡ്ഡി പറഞ്ഞു. ജനുവരി മൂന്നിനാണ് സംഘത്തെപ്പറ്റി സൈബർ ക്രൈം പൊലീസിന് പരാതി ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

