പുതിയ അധ്യയന വർഷം മുതൽ മുഖം തെളിയും ഹാജർ രീതി
text_fieldsബംഗളൂരു: സ്കൂൾ കുട്ടികളുടെ ഹാജർ നിലക്ക് കർണാടക സർക്കാർ പുതിയ അധ്യയന വർഷം മുതൽ മുഖം തിരിച്ചറിയൽ നിർബന്ധമാക്കുന്നു. എ.ഐ അടിസ്ഥാനമാക്കിയുള്ള വിദ്യാർഥികളുടെ മുഖം തിരിച്ചറിയൽ നിരീക്ഷണ സംവിധാനം വഴിയാണ് ഹാജർ രേഖപ്പെടുത്തുക. ഇതുസംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സോഫ്റ്റ്വെയറിൽ വിദ്യാർഥികളുടെ ഹാജർ കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
2026-27 അധ്യയന വർഷം മുതൽ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ നടപ്പിലാക്കിയിട്ടുണ്ട്. എയ്ഡഡ്, സർക്കാർ സ്കൂളുകളിൽ ഇത് നിർബന്ധം. ആകെ 2.16 കോടി രൂപ ചെലവിലാണ് മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. മേയ് മാസത്തോടെ എല്ലാ സ്കൂളുകളിലും എ.ഐ മൊബൈൽ ആപ് നടപ്പിലാക്കണമെന്ന് ഉത്തരവിൽ വ്യക്തമായി പറയുന്നു. കുട്ടികളുടെ മാതാപിതാക്കൾക്ക് സാറ്റ്സ് സോഫ്റ്റ്വെയർ വഴി ഹാജർ പരിശോധിക്കാമെന്നും അതിൽ പറയുന്നു.
വിദ്യാർഥികൾക്ക് മാത്രമല്ല, ഇനി മുതൽ അധ്യാപകരുടെ ഹാജർ നിലക്കും മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ നിർബന്ധമാക്കിയിട്ടുണ്ട്. ഒരു അധ്യാപകനും നേരിട്ട് ഹാജരാകാതെ ഹാജർ രേഖപ്പെടുത്താൻ കഴിയില്ല. ഇത് ചില സ്ഥലങ്ങളിൽ നടന്നിരുന്ന ദുരുപയോഗങ്ങൾ തുറന്നുകാട്ടും. വിദ്യാർഥികളെപ്പോലെ, അധ്യാപകരും മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയിലൂടെ ഹാജർ രേഖപ്പെടുത്തണം.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാർഥികളുടെ ഹാജർ രേഖപ്പെടുത്തുന്നതിനായി ‘നിരന്തര’ പരിപാടി നടപ്പിലാക്കാൻ ഉത്തരവ് നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

