നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടൽ; ഹാലശ്രീ സ്വാമി ഒഡിഷയിൽ അറസ്റ്റിൽ
text_fieldsസ്വാമി അഭിനവ ഹാലശ്രീ
മംഗളൂരു: കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഉഡുപ്പി ജില്ലയിലെ ബൈന്തൂർ മണ്ഡലം വാഗ്ദാനം ചെയ്ത് വ്യവസായിയിൽനിന്ന് കോടികൾ കോഴ വാങ്ങി വഞ്ചിച്ചു എന്ന കേസിലെ മൂന്നാം പ്രതി അറസ്റ്റിൽ.
കർണാടക ഹൊസ്പേട്ട ജില്ലയിൽ ഹിറേഹഡഗളി ലിംഗായത്ത് മഠത്തിലെ സ്വാമി അഭിനവ ഹാലശ്രീ ചൊവ്വാഴ്ച ഒഡിഷയിലാണ് അറസ്റ്റിലായത്. മുഖ്യപ്രതി സംഘ്പരിവാർ നേതാവ് ചൈത്ര കുന്താപുരയും ഏതാനും കൂട്ടാളികളും കഴിഞ്ഞ ചൊവ്വാഴ്ച അറസ്റ്റിലായത് മുതൽ സ്വാമി ഒളിവിലായിരുന്നു.
ഒഡിഷ പൊലീസ് സഹായത്തോടെ ബംഗളൂരു ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കർണാടകയിലെത്തിച്ചു. ശനിയാഴ്ച സ്വാമി സമർപ്പിച്ച മുൻകൂർ ജാമ്യഹരജിയിൽ കോടതിവിധി വരും മുമ്പാണ് ട്രെയിൻ യാത്രക്കിടെ ഒഡിഷയിലെ കട്ടക്കിൽനിന്ന് പിടിയിലായത്. അഭിനവ ഹാലശ്രീ സ്വാമി അറസ്റ്റിലായതോടെ സീറ്റിന് കോഴക്ക് പിന്നിലെ വൻതോക്കുകളുടെ വിവരങ്ങൾ പുറത്തുവരുമെന്നാണ് മുഖ്യ പ്രതി ചൈത്ര കുന്താപുര പറയുന്നത്.
ചൈത്ര കുന്താപുര ആശുപത്രി വിട്ടു
മംഗളൂരു: കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഉഡുപ്പി ജില്ലയിലെ ബൈന്തൂർ മണ്ഡലം വാഗ്ദാനം ചെയ്ത് വ്യവസായിയിൽനിന്ന് കോടികൾ വാങ്ങി വഞ്ചിച്ചു എന്ന കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സംഘ്പരിവാർ നേതാവ് ചൈത്ര കുന്താപുര കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഉഡുപ്പി കൃഷ്ണമഠം പരിസരത്തുനിന്ന് അറസ്റ്റിലായ ചൈത്ര വെള്ളിയാഴ്ച പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ ബോധംകെട്ട് വീണതിനെത്തുടർന്ന് ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് സംഘത്തിന്റെ ചോദ്യം ചെയ്യൽ മൂന്നാംദിവസത്തിലേക്ക് കടന്നപ്പോഴായിരുന്നു ബോധംകെട്ട് വീണത്. പൊലീസ് തന്നോട് മോശമായി പെരുമാറി എന്ന് ചൈത്ര കോടതിയിൽ ഹാജരാക്കിയ വേളയിൽ പറഞ്ഞതിനാൽ ജൂനിയർ ഓഫിസർമാരാണ് ആദ്യ രണ്ട് ദിവസം ചോദ്യം ചെയ്തിരുന്നത്. എന്നാൽ, വെള്ളിയാഴ്ച രാവിലെ ക്രൈംബ്രാഞ്ച് ഡിവിഷനൽ ഓഫിസിൽ അസി. പൊലീസ് കമീഷണർ റീന സുവർണ ചോദ്യം ചെയ്യാൻ ആരംഭിച്ചതോടെ കുഴഞ്ഞുവീഴുകയായിരുന്നു.
അപസ്മാരമുണ്ടെന്ന് ബന്ധുക്കൾ പറയുകയും പ്രതിയുടെ ചലനങ്ങളിൽ അതിന്റെ സൂചന ലഭിക്കുകയും ചെയ്തതിനാൽ ഉടൻ വിക്ടോറിയ ആശുപത്രിയിൽ ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ നാലു ദിവസത്തെ ചികിത്സയിൽ പ്രതിക്ക് അപസ്മാരമോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ കണ്ടെത്താനായില്ല. ചോദ്യംചെയ്യലിൽനിന്ന് ഒഴിവാകാൻ നടത്തിയ നാടകമാണെന്നാണ് പൊലീസ് നിഗമനം. ചോദ്യം ചെയ്യൽ തുടരുമെന്ന് അസി. പൊലീസ് കമീഷണർ റീന സുവർണ പറഞ്ഞു.
പത്തുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് ചൈത്ര. ബൈന്തൂരിലെ വ്യവസായി ഗോവിന്ദ ബാബു പൂജാരി നൽകിയ പരാതിയിലാണ് ചൈത്രയേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്തത്.