ഗവ. ആശുപത്രിയിൽ പ്രമേഹ രോഗിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി
text_fieldsമംഗളൂരു: ബ്രഹ്മവർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സക്കായി എത്തിയ സ്ത്രീക്ക് കാലാവധി കഴിഞ്ഞ പ്രമേഹ ഗുളികകൾ നൽകിയതായി ഗുരുതര ആരോപണം. ബ്രഹ്മവർ പ്രദേശത്തുനിന്നുള്ള 40നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീ ഒക്ടോബർ ആറിന് പ്രമേഹവുമായി ബന്ധപ്പെട്ട വൈദ്യപരിശോധനക്കായി ആരോഗ്യ കേന്ദ്രം സന്ദർശിച്ചിരുന്നു. ഡോക്ടർ നിർദ്ദേശിച്ച പ്രകാരം ആശുപത്രി ഫാർമസിയിൽ നിന്ന് മെറ്റ്ഫോർമിൻ ഹൈഡ്രോക്ലോറൈഡ് സസ്റ്റൈൻഡ് റിലീസ് ഗുളികകൾ അവർക്ക് ലഭിച്ചു.
30 ദിവസത്തെ കോഴ്സിനായി ഫാർമസി 60 ഗുളികകളാണ് വിതരണം ചെയ്തത്. സ്ട്രിപ്പ് അനുസരിച്ച് കാലാവധി 2024 നവംബർ മുതൽ 2026 ഒക്ടോബർ വരെയാണ്. ഒക്ടോബർ ആറിന് തന്നെ കാലാവധി കഴിഞ്ഞ ഗുളികകൾ വിതരണം ചെയ്തതായി ആരോപണമുണ്ട്. ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധയാണ് ഇതിന് കാരണമെന്ന് രോഗിയുടെ കുടുംബം ആരോപിച്ചു. ദീർഘകാല ചികിത്സക്കായി നിർദ്ദേശിക്കുന്ന മരുന്നുകൾ വിതരണം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ ആവശ്യമായിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് ഇക്കാര്യം അന്വേഷിച്ച് മരുന്നുകൾ വിതരണം ചെയ്യുന്നതിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. വിഷയം പരിശോധിക്കുമെന്ന് ഉഡുപ്പി ജില്ല ആരോഗ്യ കുടുംബക്ഷേമ ഓഫീസർ ഡോ. ബസവരാജ് ഹുബ്ബള്ളി പറഞ്ഞു.

